പോളിന്റെ കുടുംബത്തിന് ശനിയാഴ്ച നൽകുമെന്ന് പറഞ്ഞ പത്ത് ലക്ഷം രൂപ സർക്കാർ നൽകിയില്ല

വയനാട്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ശനിയാഴ്ച നല്‍കാമെന്ന് പറഞ്ഞ പത്ത് ലക്ഷം രൂപ ഇതുവരെ കൈമാറിയിട്ടില്ല. പോളിന്റെ പിതാവിനോ മകള്‍ക്കോ ഭാര്യയ്‌ക്കോ ഇതുവരെ പണം നല്‍കിയിട്ടില്ല. ശനിയാഴ്ച അഞ്ച് ലക്ഷം നല്‍കാമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍ പത്ത് ലക്ഷവും ശനിയാഴ്ച തന്നെ നല്‍കണമെന്ന് ജനം ആവശ്യപ്പെട്ടു. തുടര്‍ന്ന് എഡിഎമ്മിനെ ബന്ദിയാക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ പത്ത് ലക്ഷം നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം സംസ്‌കരിച്ചു.

അതേസമയം കാട്ടാനയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട് നടന്ന സംഘർഷത്തിൽ കേസെടുക്കാൻ പോലീസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുക്കുക. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പോലിസിന് നേരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങളാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതികളെ കണ്ടെത്തി അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. സംഘർഷത്തിന്റെ ദൃശ്യങ്ങള് പോലീസ് പരിശോധിച്ച ശേഷമായിരിക്കും നടപടികൾ സ്വീകരിക്കുക. വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.