ഗ്രീഷ്മ കുറ്റം സമ്മതിച്ചത് ഞങ്ങൾ എടുത്ത മൊഴി കേൾപ്പിച്ചപ്പോൾ- പാറശ്ശാല സിഐ

തിരുവനന്തപുരം. ഷാരോണ്‍ വധക്കേസില്‍ വീഴ്ചസംഭവിച്ചിട്ടില്ലെന്ന് പാറശ്ശാല എസ്എച്ച്ഒ. കേസിന്റെ ആദ്യ ഘട്ടത്തില്‍ പോലീസ് കൃത്യമായി ഇടപെട്ടുവെന്നും സിഐ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. ഷാരോണിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി ഏഴ് ദിവസത്തിന് ശേഷമാണ് പോലീസ് വിവരം അറിയുന്നത്. മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഷാരോണിന്റെ വിവരം ലഭിച്ചതെന്ന് പോലീസ് പറയുന്നു. ഷാരോണ്‍ എന്ന യുവാവ് ആശുപത്രിയില്‍ അഡ്മിറ്റാണെന്നും ആരോഗ്യനില ഗുരുതരമാണെന്നും അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മൊഴി എടുക്കുന്നത്. തനിക്ക് ആരും വിഷം നല്‍കിയിട്ടില്ലെന്ന് ഷാരോണ്‍ മരണ മൊഴി തന്നു. താന്‍ സുഹൃത്തിന്റെ വീട്ടില്‍ പോയതാണ്. സുഹൃത്ത് തനിക്ക് ദോഷം വരുന്നത് ഒന്നും ചെയ്യില്ലെന്നും പരാതിയില്ലെന്നും ഷാരോണ്‍ പറഞ്ഞു. ഡോക്ടര്‍ പ്രഥമ ദൃഷ്ടിയാല്‍ വിഷം ഉള്ളില്‍ ചെന്നതായി അറിയില്ലെന്ന് പറഞ്ഞിരുന്നു. 21നാണ് പോലീസ് മൊഴി എടുക്കുന്നത്. 25ന് ഷാരോണ്‍ മരിച്ചു. പിന്നാലെ കുടുംബത്തെ സ്റ്റേഷനിലേക്ക് നിര്‍ബന്ധിച്ച് വിളിച്ച് വരുത്തുകയായിരുന്നു.

ഗ്രീഷ്മയുടെ വീട്ടില്‍ ചെന്ന് മൊഴിയെടുത്തു. കഷായത്തിന്റെ കഥ കള്ളമാണെന്ന് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ഷാരോണിന്റെ കുടുംബത്തോട് വിവരം തിരക്കി. തുടര്‍ന്ന് വീണ്ടും ഗ്രീഷ്മയെ ചോദ്യം ചെയ്തു. മുമ്പ് എടുത്ത മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍ ഇതില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചു.

രണ്ട് മൂന്ന് വട്ടം വിളിച്ചിട്ടാണ് ഷാരോണിന്റെ വീട്ടുകാര്‍ വന്നതെന്നും. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തുവെന്നും പോലീസ് പറയുന്നു. ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി വിഷം കഷായത്തില്‍ കലര്‍ത്തി നല്‍കിയത് തമിഴ്നാട്ടിലായതിനാലാണ് തുടരന്വേഷണത്തില്‍ നിയമപരമായ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം നിയമോപദേശം തേടിയിരിക്കുന്നത്.

ഗ്രീഷ്മ ഷാരോണിന് വിഷം നല്‍കിയത് ഗ്രീഷ്മയുടെ വീട്ടില്‍ വെച്ചാണ് ഈ വീട് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ ചിറയിലാണ് സംഭവം നടക്കുന്നത്. ഇത് തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. എന്നാല്‍ കേസില്‍ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും പാറശ്ശാല പോലീസ് സ്റ്റേഷനിലായിരുന്നു. കേസില്‍ മുന്ന് പ്രതികളെയാണ് കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിന് നിയമപ്രശ്നമുണ്ടോ അതോ പ്രതികളെ തമിഴ്നാടിന് കൈമാറേണ്ടതുണ്ടോ എന്ന വിഷയത്തിലാണ് നിയമോപദേശം തേടിയത്.