തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന് മര്‍ദ്ദനം

ഗുജറാത്ത്; തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിച്ച് കൊണ്ടിരിക്കെ പട്ടീദാര്‍ സമര നായകനും കോണ്‍ഗ്രസ് നേതാവുമായ ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനം. വേദിയിലേക്ക് കയറിവന്ന ഒരാള്‍ ഹാര്‍ദ്ദിക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു. സുരേന്ദ്രനഗറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തില്‍ പകച്ചുപോയ ഹാര്‍ദിക് ഉടനടി സമനില വീണ്ടെടുത്ത് ആക്രമിയെ തടയുകയും തുടര്‍ന്ന് പ്രവര്‍ത്തകര്‍ എത്തി അക്രമിയെ കൈകാര്യം ചെയ്യുകയും ചെയ്തു.

കഴിഞ്ഞദിവസം ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയില്‍ ഹാര്‍ദിക് പട്ടേലിന്റെ ഹെലികോപ്റ്ററിന് ഇറങ്ങുവാന്‍ തന്റെ ഭൂമി വിട്ടുതരില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തിരുന്നു. ഇതോടെ മഹിസാഗര്‍ ജില്ലയിലേക്ക് ഹെലികോപ്റ്റര്‍ വഴിയുള്ള യാത്ര ഹാര്‍ദിക് പട്ടേലിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.സംവരണ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ മേല്‍ കയറി നിന്ന് രാഷ്ട്രീയം കളിക്കുകയാണ് ഹാര്‍ദിക് എന്നു പറഞ്ഞായിരുന്നു കര്‍ഷകന്റെ പ്രതിഷേധം. കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ സ്റ്റാര്‍ കാംപയിനര്‍ ആണ് ഹാര്‍ദിക്. അതേസമയം,ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നാലെന്നും അദ്ദേഹം പറഞ്ഞു.