കോടിയേരിയുടെ മരണം, തിങ്കളാഴ്ച മൂന്നിടത്ത് ഹർത്താൽ

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഹർത്താൽ ആചരിക്കും. മൃതദേഹം ഞായറാഴ്ച 11മണിക്ക് മട്ടന്നൂരിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കും

സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തലശേരിയിൽ നടക്കും. മൃതദേഹം ‍ഞായറാഴ്ച എയർ ആംബുലൻസിലെത്തിക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെൻററിൽ പാർട്ടിക്കൊടി താഴ്ത്തി.

‍ഞായറാഴ്ച ഉച്ചമുതൽ തലശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദർശനം. 3ന് രാവിലെ 11 മുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്പലത്ത് സംസ്കാരം.

മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ നിര്യാണത്തെ തുടർന്ന് എ.കെ.ജി സെൻററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കോടിയേരിയോടുള്ള ആദര സൂചകമായി സിപിഐഎം പതാക പകുതി താഴ്ത്തി കെട്ടി പ്രവർത്തകരും ദുഃഖത്തിൽ പങ്കുചേരുകയാണ്. വിവിധ ഇടങ്ങളിൽ ചെറുതും വലുതുമായ അനുശോചന യോ​ഗങ്ങളും ചേരുന്നുണ്ട്.

അതേസമയം, ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അസുഖ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.