മുഖ്യമന്ത്രി ഇന്ന് കാസർകോട്, സുരക്ഷയ്ക്കായി വിന്യസിച്ചത് 911 പോലീസുകാരെ

കാസർകോട് : മുഖ്യമന്ത്രി ഇന്ന് കാസർകോട് എത്തും. മുഖ്യമന്ത്രിയുടെ വരവിനെ തുടർന്ന് കടുത്ത സുരക്ഷയാണ് കാസർകോട് ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ അഞ്ച് പൊതുപരിപാടികളിൽ പിണറായി വിജയൻ പങ്കെടുക്കും. കരിങ്കൊടി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കായി 911 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കാസർകോട് ജില്ലയ്‌ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പോലീസുകാരെ കൂടി സുരക്ഷയ്‌ക്കായി നിയോഗിച്ചു.

കാസർകോഡ് ജില്ലാ പോലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയിലുണ്ട്. നികുതി വർദ്ധനവിനെതിരെയാണ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനെന്ന പേരിൽ പലയിടത്തും പോലീസ് പൊതുജനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അനുസരിച്ച് ജനം വഴി മാറി പോകേണ്ട അവസ്ഥ.

എന്നാൽ മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. വലിയ വിമർശനങ്ങൾ ഉയർന്ന സഹാചര്യത്തിലാണ് കറുപ്പിന് വിലക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.