മക്കളുടെയും മരുമക്കളുടെയും പുറകേ പോകാറില്ല, എനിക്കത് ഇഷ്ടമല്ല- മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ സീരിയൽ മേഖലയിലും സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

വിവാഹം കഴിഞ്ഞതിന് ശേഷം മക്കളുടെയും മരുക്കളുടെയും പിന്നാലെ പോവുന്ന സ്വഭാവം തനിക്കില്ലെന്നാണ് പറയുകയാണ് നടി. കറങ്ങാൻ പോകാൻ മക്കൾ വിളിച്ചാലും താനതിന് നിൽക്കാറില്ലെന്നാണ് മല്ലിക വ്യക്തമാക്കുന്നത്. ഇന്ദ്രൻ ഇടയ്ക്ക് എന്നെ വിളിക്കും. അമ്മേ വാ നമുക്ക് തായ്‌ലാൻഡിലൊക്കെ പോയിട്ട് വരാമെന്ന് പറയും. നീയും ഭാര്യയും പോകുന്നതിന് പുറകേ ഞാനും വരാനോ? എന്റെ പൊന്ന് മോനെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കല്ലേ എന്നാണ് തിരിച്ച് ഞാനവനോട് പറയാറുള്ളത്. ഞാനങ്ങനെ മക്കളുടെ പുറകേ പോകാറില്ല. എനിക്കത് ഇഷ്ടവുമല്ല. അതിലും എനിക്ക് ഇഷ്ടം എന്റെ നാട്ടുകാരെയും വീട്ടുകാരെയും സുഹൃത്തുക്കളുമൊക്കെയായി സമയം ചിലവഴിക്കുന്നതാണ്.

കഴിഞ്ഞ കാലത്ത് നമ്മളൊക്കെ ജീവിച്ചത്, നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തൊക്കെ ഉണ്ടാക്കി ഇടാം എന്ന് കരുതിയാണ്. ഇന്നും അവരത് ചെയ്യുന്നുണ്ട്. പക്ഷേ അതിനൊപ്പം സ്ഥലം കാണാനും കറങ്ങി നടക്കാനുമൊക്കെയുള്ള പ്രധാന്യം കൊടുക്കുന്നുണ്ട്. ഞങ്ങളൊന്നും അങ്ങനെ കാശ് കളയുകയില്ലായിരുന്നു. രണ്ട് പേര് ദുബായിൽ പോകുന്ന കാശുണ്ടെങ്കിൽ അഞ്ച് സെറ്റ് സ്ഥലം വാങ്ങിക്കാമെന്നേ ചിന്തിക്കുമായിരുന്നുള്ളു. അതാണ് ജനറേഷന്റെ വ്യത്യാസം.

എന്റെ സിനിമ കണ്ടിട്ട് നല്ലതാണെന്ന് മക്കളൊക്കെ വിളിച്ച് പറയാറുണ്ട്. നിവിൻ പോളിയുടെ അമ്മയായി ലവ് ആക്ഷൻ ഡ്രാമയിൽ ഞാൻ അഭിനയിച്ചത് പൃഥ്വിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. അമ്മ അതിൽ നന്നായിട്ടുണ്ടെന്ന് പൃഥ്വി എന്നെ വിളിച്ച് പറഞ്ഞിരുന്നു. അല്ലേലും ഞാൻ ചെയ്യുന്നതാണ് നല്ലത്. നമ്മുടെ രക്തത്തിൽ നിന്നും പോയതല്ലേ നീയൊക്കെ ചെയ്യുന്നതെന്ന് എല്ലാവരും കൂടുന്ന സമയത്ത് തമാശരൂപേണ പറയാറുണ്ടെന്ന് മല്ലിക കൂട്ടിച്ചേർത്തു. കൂട്ടത്തിൽ കലിപ്പൻ പൃഥ്വിരാജാണ്. ഇന്ദ്രജിത്ത് പിന്നെ കളിച്ചും ചിരിച്ചും എല്ലാവരോടും ഒരുപോലെ മിണ്ടും. ആരെങ്കിലും കയറി വരുന്നത് കണ്ടാൽ പൃഥ്വിയിങ്ങനെ അതാരാണെന്ന് മനസിലാവാതെ കലിപ്പിലാവും ചോദിക്കുന്നത്. മോനെ ഇത് ഇന്ന ആളാണെന്ന് പറയുമ്പോൾ അവൻ ആണോന്ന് ചോദിച്ച് സംസാരിക്കും. തുടങ്ങി കിട്ടിയാൽ പിന്നെ നിർത്താതെ സംസാരിച്ചോളും, അതാണ് പൃഥ്വിയുടെ സ്വഭാവം.

എന്റെ രണ്ട് മരുമക്കളും അവരുടെ ഉത്തരവാദിത്തം വളരെ ഭംഗിയായി ചെയ്യുന്നവരാണ്. ഒരു വീട്ടിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് അത് വളരെ ഭംഗിയായി തന്നെ അവർ ചെയ്യാറുണ്ട്. അതിൽ തനിക്കേറെ സന്തോഷമാണെ ന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.