സംസ്ഥാനത്തെ കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കണം, ഹൈക്കോടതിയിൽ വീണ്ടും ഹർജി

കൊച്ചി ∙ സംസ്ഥാനത്തെ കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കണം. ക്യാംപസുകളിൽ ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങള്‍ നടത്തുന്നതോ വിദ്യാർഥി യൂണിയനുകള്‍ പ്രവർത്തിക്കുന്നതോ തടയണമെന്നും ഹൈക്കോടതിയിൽ വീണ്ടും ഹർജി. മഹാരാജാസ് കോളജ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൻ.പ്രകാശൻ എന്ന വ്യക്തിയാണ് പൊതുതാൽപര്യ ഹര്‍ജി നല്കിയത്.

സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, വിദ്യാർഥി സംഘടനകളായ എസ്എഫ്ഐ, കെഎസ്‍യു, എബിവിപി, എംഎസ്എഫ്, മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, വിവിധ സർവകലാശാലകൾ എന്നിവർക്കും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ബെഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്.

കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള 2003ലെ സോജൻ ഫ്രാൻസിസ് കേസിനുശേഷം ആറോളം കോടതി വിധികൾ ഈ വിഷയത്തിൽ പുറത്തു വന്നിട്ടുണ്ട്. എന്നാൽ കലാലയങ്ങളിൽ ഇപ്പോഴും രാഷ്ട്രീയ പ്രവർത്തനങ്ങൾ ‍നടക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതേ ഹർജിക്കാരൻ തന്നെ എറണാകുളം ലോ കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് 2013ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വിദ്യാർഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന് കുത്തേറ്റിരുന്നു. സംഘർഷത്തിനു പിന്നാലെ കോളജ് അടച്ചിടുകയും പിന്നീട് ഒട്ടേറെ യോഗങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് കഴിഞ്ഞ ദിവസം തുറന്നത്.