യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ജിം ഉടമ അറസ്റ്റില്‍, സംഭവം കട്ടപ്പനയില്‍

ഇടുക്കി: ജിമ്മിൽ വർക്ക് ഔട്ടിനെത്തിയ അഭിഭാഷകനായ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ ജിം ഉടമ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയാണ് ജിമ്മിൽ വർക്ക് ഔട്ടിനെത്തിയ അഭിഭാഷകനായ കണിയാരകത്ത് ജീവൻ പ്രസാദിന് കുത്തേറ്റത്. കട്ടപ്പന പഴയബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഫിറ്റ്‌നസ് വേൾഡ് ജിമ്മിലാണ് സംഘർഷം ഉണ്ടായത്.

മുൻപ് വ്യായാമം ചെയ്യുന്നതിന്റെ സമയവുമായി ബന്ധപ്പെട്ട് പരിക്കേറ്റ ജീവനും ഫിറ്റ്‌നസ് വേൾഡ് ഉടമ പ്രമോദും തർക്കങ്ങൾ ഉണ്ടായിരുന്നു. മുൻകൂറായി അടച്ച പണം തിരികെ ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാത്രിയിൽ ജീവൻ പ്രസാദ് അവിടെ എത്തിയത്. വാക്ക് തർക്കത്തിനൊടുവിൽ പ്രതി കത്തി എടുത്ത് കുത്തുകയായിരുന്നു.

ആക്രമണത്തിൽ യുവാവിന്റെ കൈമുട്ടിന് മുകളിൽ കുത്തേറ്റു. ആഴത്തിലുള്ള മുറിവായതിനാൽ ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സംഘം ജിമ്മിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജീവനെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.