ഹയർ സെക്കൻഡറി ഫലം ഇന്ന്, നാലു മുതൽ ഓൺലൈനായി ഫലം അറിയാം

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നു വൈകിട്ട് 3ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. നാലു മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം.

ഈ വർഷം 4,32,436 കുട്ടികളാണ് ഹയർസെക്കണ്ടറിഫലം കാത്തിരിക്കുന്നത്. 28,495 കുട്ടികളാണ് വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം നാല് മണി മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം അറിയാം. ദിവസങ്ങൾക്ക് മുൻപാണ് സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 99.70 ആണ് ഈ വർഷത്തെ വിജയശതമാനം.

കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയ ശതമാനം. ആകെ 417864 വിദ്യാർത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 68804 വിദ്യാർത്ഥികളാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 44363 ആയിരുന്നു. വിജയശതമാനത്തില്‍ ഇത്തവണ 0.44 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറത്തായിരുന്നു.