ഹൈറിച്ച് തട്ടിപ്പിൽ ഇ ഡി വെളിപ്പെടുത്തൽ, ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ അക്കൗണ്ടിലേക്ക് ഒഴുകിയത് 11.91 കോടി

കൊച്ചി: ഹൈറിച്ച് തട്ടിപ്പു കേസിൽ ഓൺലൈൻ ഷോപ്പിയുടെ ചാർട്ടേഡ് അക്കൗണ്ടൻറ് തൃശൂർ സ്വദേശി പ്രശാന്ത് പി. നായരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയത് കോടികളെന്ന് ഇ.ഡി കണ്ടെത്തി. ഹൈറിച്ചിനെതിരായ ഇ.ഡി അന്വേഷണത്തിന്‍റെ ഭാഗമായി തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് ചോദ്യംചെയ്ത് പ്രശാന്ത് നായർ നൽകിയ ഹർജിയിലാണ് ഇ.ഡിയുടെ വിശദീകരണം.

പ്രശാന്ത് പി. നായരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്ഥാപന അക്കൗണ്ടിൽനിന്ന് 11.91 കോടി രൂപ കൈമാറിയതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈകോടതിയിൽ വിശദീകരിച്ചു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിക്കണമെന്നും അന്വേഷണം തടയണമെന്നുമാണ് പ്രശാന്തിന്‍റെ ഹർജിയിലെ ആവശ്യം.

ഹൈറിച്ച് നടത്തിയ തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും പറയുന്നു. അതേസമയം, അഞ്ച് ദിവസത്തിനകം ഇ.ഡി മുമ്പാകെ ഹർജിക്കാരൻ ഹാജരാകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

ഹൈറിച്ച്ഉടമ പ്രതാപനും ബാര്യ ശ്രീനയും 2300 കോടി രൂപ തട്ടിയെടുത്തതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഹൈറിച്ച് ഉടമ പ്രതാപന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

ഓൺലൈൻ ബിസിനസ്സ് എന്ന പേരിൽ കൂടുതൽ ആളുകളെ ചേർത്താൽ വലിയ തുകകൾ നൽകാമെന്ന്പ റഞ്ഞുള്ള മോഹനവാഗ്ദ്ധാനങ്ങൾ നൽകി മണിചെയിൻ തട്ടിപ്പ്, ക്രിപ്റ്റോ കറൻസി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവിലാണ് ഹൈറിച്ച് എംഡി വി.ഡി പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും 1157 കോടി രൂപ തട്ടിയതെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.

ഇതിൽ വലിയൊരു പങ്ക് വിദേശത്തേക്കു കടത്തിയ ഉടമകൾ, കാനഡയിൽ രൂപീകരിച്ച കമ്പനി കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ഹവാല ഇടപാടുകളുടെ ഭാഗമായാണെന്നുമാണ് ഇഡിക്കു ലഭിച്ചിരിക്കുന്ന വിവരം. ഇടപാടുകൾക്ക് ഇടനിലക്കാരായ പത്തിലേറെ പൊലീസുകാരും ഉന്നത രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയിൽ ഉൾപ്പെടും.

പലചരക്ക് ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കായി ഹൈറിച്ച് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. കമ്പനി സമാഹരിച്ച പണത്തിൽ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോകറൻസി വഴിയാണെന്നും ഇഡി കണ്ടെത്തി.‌ റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ക്രിപ്റ്റോ ഇടപാടുകൾ നടത്തിയതെന്നും കണ്ടെത്തലുണ്ട്.