ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ, കോട്ടയത്ത് ഗതാഗത നിയന്ത്രണം, സ്‌കൂളുകൾക്ക് ഇന്നും അവധി

കോട്ടയം : വിടവാങ്ങിയ മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പോലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിൽ ഇന്നും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ഉമ്മൻചാണ്ടിയുടെ ജന്മനാടായ പുതുപ്പള്ളിയില്‍ വ്യാഴാഴ്ച രാവിലെ മുതലാണ് നിയന്ത്രണം. കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ നാളെ ഒരു മണി മുതല്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചുണ്ട്. തെങ്ങണയില്‍ നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ ഞാലിയാകുഴി ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് ചിങ്ങവനം വഴി പോകണം. ഞാലിയാകുഴിക്കും എരമല്ലൂര്‍ കലുങ്കിനും ഇടയ്ക്കുള്ള കോട്ടയം, മണര്‍കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ കലുങ്ക് ജങ്ഷനില്‍ നിന്ന് കൊല്ലാട് ഭാഗത്തേക്ക് പോകണം.

കറുകച്ചാല്‍ ഭാഗത്തുനിന്ന് മണര്‍കാട് , കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടത്തു കവല എല്‍.പി സ്‌കൂള്‍ ഭാഗത്തുനിന്ന് തിരിഞ്ഞ് നാരകത്തോട് ജങ്ഷന്‍ വഴി പയ്യപ്പാടി ചുറ്റി കാഞ്ഞിരത്തിന്‍ മൂട് ജങ്ഷന്‍ വഴി മണര്‍കാടേക്ക് പോകണം. കോട്ടയം ഭാഗത്ത് നിന്ന് കറുകച്ചാല്‍, തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജങ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൂമറ്റം, സ്പൈസ് ജങ്ഷന്‍ (കാഞ്ഞിരത്തും മൂട് ) വഴി ഐഎച്ച്ആര്‍ഡി ജങ്ഷന്‍, നാരകത്തോട് ജങ്ഷന്‍ വഴി വെട്ടത്തുകവല എല്‍.പി സ്‌കൂള്‍ ജങ്ഷനില്‍ എത്തി പോകണം.

മണര്‍കാട് കോട്ടയം ഭാഗത്ത് നിന്ന് പുതുപ്പള്ളി ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങള്‍ കോട്ടയം ടൌണിലൂടെയും കറുകച്ചാല്‍ തെങ്ങണ ഭാഗത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങള്‍ ചങ്ങനാശ്ശേരി വഴിയോ കങ്ങഴ പതിനാലാം മൈല്‍ വഴിയോ പോകണം.

തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് വരുന്ന വാഹനങ്ങള്‍ എരമല്ലൂര്‍ ചിറ ഗ്രൗണ്ട്, പാഡി ഫീല്‍ഡ് ഗ്രൗണ്ട്, ജോര്‍ജിയന്‍ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ട് എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കണം. വടക്ക് (കോട്ടയം/ മണര്‍കാട്) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പുതുപ്പള്ളി ഗവണ്‍മെന്റ് എച്ച്എസ്എസ് സ്‌കൂള്‍ ഗ്രൗണ്ട്, ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കണം.

കറുകച്ചാല്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ നിലക്കല്‍ ചര്‍ച്ച് ഗ്രൗണ്ട് പാര്‍ക്കിങ്ങിനായി ഉപയോഗിക്കണം. താഴെപ്പറയുന്ന സ്ഥലങ്ങളില്‍ പാര്‍ക്കിങ് ഒഴിവാക്കണം മന്ദിരം കലുങ്ക് മുതല്‍ പുതുപ്പള്ളി ജങ്ഷന്‍ വരെയും കാഞ്ഞിരത്തിന്‍ മൂട് ജങ്ഷന്‍ മുതല്‍ നിലക്കല്‍ പള്ളിവരെയും ഇരവിനല്ലൂര്‍ കലുങ്ക് മുതല്‍ പുതുപ്പള്ളി ജങ്ഷന്‍ വരെയുമുള്ള റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കില്ല.