സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും; പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യനിരക്ക് ഇന്ന് മുതല്‍ നിലവില്‍ വരും. ഏഴു ശതമാനം വര്‍ദ്ധനയാണ് നിലവില്‍ വരുന്നത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെയാണ് വില വര്‍ധിക്കുക.

ഒപിആര്‍(ഓള്‍ഡ് പോര്‍ട്ട് റം) ഒരു ലിറ്ററിന് 660 രൂപയെന്നത് ഇനി മുതല്‍ 710 രൂപയാകും. 560 രൂപയായിരുന്ന ജവാന് ഇനി 600 രൂപ നല്‍കണം. എംഎച്ച്‌(മാന്‍ഷന്‍ ഹൗസ്) ബ്രാന്‍ഡിയ്ക്ക് 950 രൂപയായിരുന്നു പഴയ വില. ഇത് 1020 ആയി വര്‍ധിച്ചിട്ടുണ്ട്. 10 രൂപ മുതല്‍ 90 രൂപവരെയാണ് മദ്യത്തിന് വില വര്‍ധനവ് ഉണ്ടാകുക. ഓള്‍ഡ് മങ്ക് ലെജന്‍ഡിന് 2020ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും.

മദ്യ കമ്ബനികളുടെ ആവശ്യപ്രകാരമാണ് വില വര്‍ദ്ധിപ്പിക്കുന്നതെങ്കിലും ഇതിന്റെ കൂടുതല്‍ ഗുണം ലഭിക്കുക സര്‍ക്കാരിന് തന്നെയാകും ലഭിക്കുക. സ്പിരിറ്റിന്റെ വില വര്‍ദ്ധിച്ചതിനാല്‍ 11.6% വര്‍ദ്ധനയാണ് മദ്യ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്. ഒരു കുപ്പിക്ക് 40 രൂപ വര്‍ധിക്കുമ്പോള്‍ 35 രൂപ സര്‍ക്കാരിനും നാലു രൂപ മദ്യവിതരണ കമ്ബനികള്‍ക്കും ഒരു രൂപ കോര്‍പറേഷനും അധിക വരുമാനമായി ലഭിക്കും.

വിദേശ മദ്യനിര്‍മ്മാതാക്കളില്‍ നിന്നും 100 രൂപയ്ക്കു വാങ്ങുന്ന ഒരു കുപ്പിയില്‍ നികുതിയും മറ്റു ചെലവുകളും വരുമ്പോള്‍ ചില്ലറ വില്‍പ്പന വില 1170 രൂപയാകും. ഇതില്‍ നൂറു രൂപയാണ് മദ്യനിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുന്നത്. മദ്യത്തിന്റെ അടിസ്ഥാന വില 7 ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മദ്യക്കമ്ബനികളുടെ ആവശ്യപ്രകാരം വില വര്‍ദ്ധിപ്പിക്കുന്നത് പരിഗണിക്കാന്‍ സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.