ഫോട്ടോയെടുക്കുന്നതിനിടെ കാൽ തെറ്റി വെള്ളച്ചാട്ടത്തിൽ വീണു, സ്കോട്ട്ലൻഡിൽ ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

സ്കോട്ട്ലൻഡ് : സ്കോട്ട്ലൻഡിൽ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഡണ്ടി സർവകലാശാലയിൽ പഠിക്കുന്ന 26 കാരനായ ജിതേന്ദ്രനാഥ് ‘ജിതു’ കാരൂരിയും 22 കാരനായ ചാൻഹക്യ ബൊളിസെറ്റിയുമാണ് മരിച്ചത്. വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ ഇരുവരും ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 17ന് ബ്ലെയർ അത്തോളിലെ ലിനിൻ ഓഫ് ടുമ്മൽ വെള്ളച്ചാട്ടത്തിലാണ് സംഭവം.

സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കുന്നതിനിടെയാണ് അപകടം. സ്കോട്ട്ലൻഡിലെ ബ്ലെയർ അത്തോളിലുള്ള ടമ്മൽ വെള്ളച്ചാട്ടത്തിൽ വീണാണ് അപകടം സംഭവിച്ചത്. ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. മറ്റൊരു സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കവെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം.

തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് സ്കോട്ട്ലൻഡ് പൊലീസ് അറിയിച്ചു.