പകർച്ചപ്പനി പിടിമുറുക്കുന്നു, മരണം മൂന്നായി, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

ജീവന് ഭീഷണിയാകുന്ന പനികളാണ് മഴക്കാലത്ത് നമ്മെ കാത്തിരിക്കുന്നത് സംസ്ഥാനത്ത് വീണ്ടും പകർച്ചപ്പനി വ്യാപിക്കുന്നതായി ആരോ​ഗ്യ വകുപ്പ്. തിരുവനന്തപുരത്ത് ഒരു ഡെങ്കിപ്പനി മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തതോടെ ജാ​ഗ്രത പാലിക്കണെമെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശം. സംസ്ഥാനത്തെ പനി കണക്ക് ഉയരുന്നതിനെ തുടർന്ന് ആരോ​ഗ്യ മന്ത്രി നാളെ യോ​ഗം വിളിച്ചിട്ടുണ്ട്. നിലവിൽ പ്രായമാകാത്തവരിലും രോ​ഗം പടരുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും ഒരിക്കൽ ഡെങ്കിപ്പനി ബാധിച്ചതിന് ശേഷം വീണ്ടും വൈറസ് ബാധയുണ്ടാകുന്നത് സ്ഥിതി ഗുരുതരമാക്കുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

നിലവിൽ ഗുരുതര സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്ത് 1697 പേർക്കാണ് ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 210 പേർക്ക് എലിപ്പനി ബാധിക്കുകയും ആറ് പേർ മരിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം ഇതുവരെ 1370 ഡെങ്കിപ്പനി കേസുകളും 297 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. ഇതിൽ അഞ്ച് പേർ ഡെങ്കിപ്പനി ബാധിച്ചും 12 പേർ എലിപ്പനി ബാധിച്ചും മരിച്ചു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ഡെങ്കു ബാധിച്ച് 27കാരി മരിച്ചത്. അതിന് മുമ്പ് ആറ് വയസുകാരിയുടെയും 27കാരന്റെയും മരണം റിപ്പോർട്ട് ചെയ്തിരുന്നു.

പത്ത് ദിവസത്തിനിടെ മൂന്ന് മരണമാണ് തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് കൂടുതൽ നടപടികൾ ചർച്ച ചെയ്യാൻ നാളെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നത്. ഇടവിട്ടുള്ള മഴയ്‌ക്കൊപ്പം പലയിടത്തും വെള്ളക്കെട്ടുണ്ടായതും പകർച്ച പനി ഉയരാൻ കാരണമായി. കഴിഞ്ഞ വർഷത്തേക്കാൾ രോഗികളുടെ എണ്ണം ഉയർന്നു. എങ്കിലും നിലവിൽ ഗുരുതര സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. കൂടുതൽ നടപടികൾ ചർച്ച ചെയ്യാനാണ് നാളെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളില്‍ ഡെങ്കിപ്പനി ഉണ്ടായത് 2017 ലാണ്. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം ഇരുപതിനായിരത്തില്‍ കൂടുതല്‍ പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. 165 പേര്‍ മരണപ്പെട്ടു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളിലൊന്നാണ് ഡെങ്കിപ്പനി. വെള്ളം കെട്ടിക്കിടക്കുന്നതും കൊതുക് ധാരാളം വളരുന്നതുമായ പ്രദേശങ്ങളെല്ലാം ഡെങ്കിപ്പനിയുടെ ‘ഹോട്ട്‌സ്‌പോട്ടു’കളാണ്.ഡെങ്കി വൈറസ്(DENV) ആണ് ഡെങ്കിപ്പനിക്ക് ഇടയാക്കുന്ന രോഗകാരി. ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളുടെ കടിയേല്‍ക്കുമ്പോഴാണ് ഡെങ്കി വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.

പകല്‍ സമയത്താണ് ഈ കൊതുകുകള്‍ കടിക്കുക. രോഗാണു ശരീരത്തിലെത്തിക്കഴിഞ്ഞാല്‍ രണ്ടു മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, കടുത്ത തലവേദന, കണ്ണിന് ചുറ്റുമുള്ള വേദന, പേശികളിലും സന്ധികളിലുമുള്ള കടുത്ത വേദന, ക്ഷീണം, ഛര്‍ദി, നിര്‍ജ്ജലീകരണം എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ഡെങ്കിപ്പനിക്ക് കൃത്യമായ ചികിത്സയില്ല. രോഗലക്ഷണങ്ങള്‍ കണ്ടെത്തി അവ കുറയ്ക്കാനുള്ള ചികിത്സയാണ് നല്‍കുന്നത്.

ഡെങ്കിക്ക് അഞ്ച് ഘട്ടങ്ങളാണുള്ളത്. ഇതില്‍ ആദ്യ മൂന്നു ഘട്ടങ്ങളില്‍ ഒ.പി. വഴിയുള്ള ചികിത്സ മതിയാകും. ആശുപത്രിയില്‍ കിടക്കേണ്ടി വരില്ല. പനി കുറയ്ക്കാനുളള പാരസെറ്റമോള്‍, പേശീവേദന, സന്ധിവേദന എന്നിവ കുറയ്ക്കാനുള്ള മരുന്നുകള്‍ എന്നിവയാണ് നല്‍കുക. നിര്‍ജ്ജലീകരണം അകറ്റാന്‍ ധാരാളം വെള്ളം) കുടിക്കണം. ഒപ്പം നല്ല വിശ്രമവും ആവശ്യമാണ്. ഡെങ്കിപ്പനി ബാധിച്ചവരില്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയും. അതിനാല്‍ ഡെങ്കിപ്പനിയുള്ള വ്യക്തിയെ കൃത്യമായ ഇടവേളകളില്‍ രക്തപരിശോധനയ്ക്ക് വിധേയരാക്കണം.

ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ സാധാരണമായി 1.5 ലക്ഷം മുതല്‍ 4.5 ലക്ഷം വരെയാണ് പ്ലേറ്റ്ലെറ്റുകളാണുണ്ടാവുക. ഡെങ്കിപ്പനി ബാധിച്ചവരില്‍ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെയാകുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടി വരും. ഐ.വി. ഫ്ളൂയിഡ് നല്‍കുകയാണ് പ്രധാനമായും ചെയ്യുന്നത്.