നിക്ഷേപ തട്ടിപ്പ് കേസ് ; സിനിമാതാരങ്ങളുടെ വിശ്വസ്തന്‍ അറസ്റ്റിൽ

തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്ന തൃശൂർ സ്വദേശി സ്വാതി റഹിം
അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് അറസ്റ്റിലായ സ്വാതി റഹിം. ഒട്ടേറെ പേരിൽ നിന്നായി സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് നിക്ഷേപങ്ങൾ വാങ്ങി. പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

സ്വാതി റഹിമിന്റെ പേരിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ നിരവധി പരാതികൾ ഉയർന്നു. എന്നാൽ പലതും മധ്യസ്ഥം പറഞ്ഞ് തീർക്കാനായിരുന്നു ശ്രമം. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്നു കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സേവ് ബോക്സിന്റെ ലോഞ്ചിങ്ങ് വലിയ പരിപാടിയായി തൃശൂരിൽ നടത്തിയിരുന്നു. ഒട്ടേറെ സിനിമാ താരങ്ങൾ പങ്കെടുത്തിരുന്നു.

അന്ന് പുതിയ ഐ ഫോണുകളെന്ന പേരിൽ സിനിമാ താരങ്ങൾക്ക് നൽകിയ സന്മാനം തട്ടിപ്പായിരുന്നു. ആളുകൾ ഉപേക്ഷിച്ച ഐ ഫോണുകൾ പൊടി തട്ടി പുതിയ കവറിൽ നൽകിയാണ് അന്ന് ചലച്ചിത്ര താരങ്ങളെ പറ്റിച്ചത്. സേവ് ബോക്സിന്റെ പേര് പറഞ്ഞ് ഒട്ടേറെ സിനിമാ താരങ്ങളുമായി സ്വാതി ബന്ധം ഊട്ടിയുറപ്പിച്ചു. നിക്ഷേപ തട്ടിപ്പുകാരൻ പ്രവീൺ റാണ , സ്വാതിയുടെ പക്കൽ നിന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വരൻ സാധ്യത ഉള്ളതായി പോലീസ് പ്രതികരിച്ചു.