രാമക്ഷേത്രത്തിന് സുരക്ഷയൊരുക്കാൻ ഇസ്രായേൽ ആന്റി-ഡ്രോൺ സംവിധാനം

അയോദ്ധ്യ രാമക്ഷേത്രത്തിന് സുരക്ഷയൊരുക്കാൻ ഇസ്രായേൽ ആന്റി-ഡ്രോൺ സംവിധാനം. മൂന്ന് മുതൽ അഞ്ച് കിലോമീറ്റർ വരെ വട്ടമിട്ട് പറന്ന് പ്രതിരോധം തീർക്കാൻ ഡ്രോണിന് സാധിക്കും. ശത്രു ഡ്രോണുകളെ തിരിച്ചറിഞ്ഞ് പ്രവർത്തന രഹിതമാക്കാനും ഇവയ്‌ക്ക് സാധിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ആദ്യമായാണ് ഉത്തർ പ്രദേശ് പോലീസ് ഇത്തരമൊരു സംവിധാനം സ്വന്തമാക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങളെടുക്കാനും ഭീഷണികളെ ഇല്ലായ്മ ചെയ്യാനും ഡ്രോണുകൾ പോലീസിനെ പ്രാപ്തമാക്കും.

ശത്രു ഡ്രോണുകളെ ലേസർ സംവിധാനം ഉപയോ​ഗിച്ചാകും പ്രതിരോധിക്കുക. ശത്രു ഡ്രോണുകളെ ഹാക്ക് ചെയ്യാനും സ്വയം നശിപ്പിക്കാനും ഇസ്രയേൽ നിർമ്മിത ഡ്രോണുകൾക്ക് കഴിയും. ഇത്തരത്തിൽ പ്രവർത്തിക്കുന്ന പത്തിലധികം ഡ്രോണുകളാകും ഉത്തർ പ്രദേശ് പോലീസിന് സ്വന്തമാവുക. തീർഥാടന നഗരമായ ഹരിദ്വാറിൽ നിന്ന് അയോദ്ധ്യയിലേയ്‌ക്ക് ആദ്യ ആസ്ത ട്രെയിൻ സർവ്വീസ് തുടങ്ങി. ജയ് ശ്രീറാം മുഴക്കി നൂറുകണക്കിന് രാമഭക്തരാണ് കന്നിയാത്രക്കാരായി എത്തിയത് . മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു .ആസ്ത എക്‌സ്പ്രസ് ജനുവരി 25 ന് ആരംഭിക്കുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും അയോദ്ധ്യയിലെ വൻ തിരക്ക് കണക്കിലെടുത്ത് മാറ്റിവയ്‌ക്കുകയായിരുന്നു.

ഇന്ന് മുതൽ ആസ്ത പതിവായി സർവ്വീസ് നടത്തും.കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന്. പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ നിന്ന് വൈകുന്നേരം 7.10-നാകും ആസ്താ സ്പെഷ്യൽ ട്രെയിനിന്റെ സർവീസ് ആരംഭിക്കുക. മൂന്നാം ദിനം പുലർച്ചെ മൂന്നിന് അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനിൽ എത്തും. അന്ന് വൈകുന്നേരം തന്നെ മടക്കയാത്രയും ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്.ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് സർവീസുകൾ ഉണ്ട്. തിരുനെല്‍വേലിയില്‍ നിന്ന് ഫെബ്രുവരി ഒന്നിന് അയോദ്ധ്യയിലേക്ക് പുറപ്പെടുന്ന ട്രെയിന് കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗണ്‍, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ആദ്യ സർവീസുകളിലെ തിരക്ക് പരിശോധിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്.

1,500 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന 22 സ്ലീപ്പർ കോച്ചുകളാണുണ്ടാവുക. കോയമ്പത്തൂർ, നാ​ഗർകോവിൽ, തിരുവനന്തപുരം വഴിയും കൂടുതൽ ട്രെയിൻ സർവീസുകൾ അയോദ്ധ്യയിലേക്ക് സർവീസ് നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.ആദ്യഘട്ടത്തിൽ ഐആർസിടിസിയുടെ ടൂറിസം ബുക്കിം​ഗ് വെബ്സൈറ്റിലൂടെ സംഘമായാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക. സ്റ്റേഷനിൽ നിന്നോ ഐആർസിടിസി ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങൾ ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളിലെ ഉന്നത റെയിൽവേ -സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് മുൻകൂട്ടി ലഭ്യമാകും.

അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം രാമക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ശ്രീരാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്കൊപ്പമാണ് യോ​ഗി ആദിത്യനാഥ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര പുരോഹിതനിൽ നിന്നും പ്രസാദം സ്വീകരിച്ച ശേഷം മുഖ്യമന്ത്രി രാംലല്ലയെ തൊഴുതു വണങ്ങി. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം കഴിഞ്ഞ ദിവസം ​ഗൊരഖ്പൂർ ക്ഷേത്രത്തിലെത്തിയ യോ​ഗി ആദിത്യനാഥിന് ഉജ്ജ്വല സ്വീകരണമാണ് ജനങ്ങൾ നൽകിയത്. യുവാക്കളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ അദ്ദേഹത്തെ വരവേൽക്കാനായി ന​ഗരവീഥികളിൽ തടിച്ചുകൂടിയിരുന്നു.

വിമാനത്താവളത്തിൽ നിന്ന് ​ഗൊരഖ്നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയിലുടനീളം ജനങ്ങൾ മുഖ്യമന്ത്രിയെ പുഷ്പവൃഷ്ടി നടത്തി ആനയിച്ചു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തിരക്ക് ദിനംപ്രതി വർദ്ധിക്കുകയാണ്. ഇന്ന് പുലർച്ചെ വരെ 19 ലക്ഷം പേരാണ് ദർശനം നടത്തിയത്. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.