ടൊവിനോയുടെ ഷൂട്ടിംഗ് സെറ്റില്‍ തല്ല്, വെയ്സ്റ്റ് ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തല്ലി

ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ സംഘര്‍ഷം. സിനിമ താരങ്ങളും നാട്ടുകാരും തമ്മിലാണ് വിഷയം. വെയ്സ്റ്റ് ഇടുന്നത് ചോദ്യം ചെയ് നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തല്ലി എന്ന ആരോപണമുയര്‍ന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. എച്ച്.എം.ഡി മാപ്പിളാസ് ഗോഡൗണില്‍ വെച്ച് സിനിമയുടെ ചിത്രീകരണം നടക്കവേയാണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്.

വെയ്സ്റ്റ് ഇടുന്നതിനേയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനേയും നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇവരുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകും ഷൈനും ചേര്‍ന്ന് വാക്കേറ്റം നടത്തി എന്നാണ് ആരോപണം. തര്‍ക്കത്തില്‍ നടന്‍ ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി.

ഖാലിദ് റഹ്‌മാനാണ് തല്ലുമാല സംവിധാനം ചെയ്യുന്നത്. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.