വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ നഗരത്തില്‍; സെക്രട്ടേറിയറ്റ് ഉപരോധം; സംഘര്‍ഷം

തിരുവനന്തപുരം: തീരമേഖലയിലെ ജീവിത പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിലേക്ക് മത്സ്യത്തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വള്ളങ്ങളുമായുള്ള പ്രതിഷേധം പൊലീസ് തടഞ്ഞതോടെയാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടേറിയറ്റ് മാര്‍ച്ച്. മത്സ്യത്തൊഴിലാളികളുടെ സമരം മൂലം തിരുവനന്തപുരം നഗരം സ്തംഭിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മാണം മൂലമാണ് തീരദേശ മേഖല അപ്പാടെ കടല്‍വിഴുങ്ങുന്നതെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. തീരശോഷണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ഏറെ നാളായി പ്രതിഷേധ സമരത്തിലാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. പൊഴിയൂര്‍ മുതല്‍ വര്‍ക്കല വരെയുള്ളവരും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലുള്ളവരും പട്ടിണിയിലാണെന്നു ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ പറയുന്നു.

2018 മുതല്‍ മൂന്നൂറോളം കുടുംബങ്ങള്‍ ഫുഡ് കോര്‍പറേഷന്റെ ക്യാമ്പിലും സ്‌കൂള്‍ വരാന്തയിലുമാണ്. ഭരണസിരാകേന്ദ്രത്തില്‍നിന്ന് 6 കിലോമീറ്റര്‍ അകലെയുള്ള ക്യാംപുകള്‍ സന്ദര്‍ശിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ പറഞ്ഞു. പ്രതിഷേധ മാര്‍ച്ച് ഡോ.എം.സൂസപാക്യം ഉദ്ഘാടനം ചെയ്തു.