മൈദ മാവ് പോലെയെന്ന് പലരും കളിയാക്കി; ജീവിതത്തിൽ നേരിട്ട വെല്ലുവിളികൾ തുറന്ന് പറഞ്ഞ് ഐശ്വര്യ മേനോൻ

സുഹൃത്തുക്കള്‍ക്കിടയില്‍ പലപ്പോഴും ബോഡി ഷെയ്മിംഗ് ഒരു തമാശയാണ്. എന്നാല്‍ ഇത് അനുഭവിക്കുന്നവരുടെ ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയായിരിക്കും ഇത്. ബോഡി ഷെയ്മിംഗിനെതിരെ സമൂഹം കുറേക്കൂടി ബോധവത്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം പ്രയോഗങ്ങള്‍ ഇന്നും തുടരുന്നുണ്ട്. ബോഡി ഷെയ്മിംഗ് അനുഭവങ്ങള്‍ പല നടി നടന്‍മാരും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തമിഴ് നടി ഐശ്വര്യ മേനോനും തന്റെ അനുഭവം പങ്കുവെക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഐശ്വര്യ തന്റെ അനുഭവം പങ്കുവച്ചത്. കുട്ടിക്കാലത്ത് തനിക്ക് തടിയുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് ഐശ്വര്യ പറയുന്നത്. എന്നാല്‍ പിന്നീട് താന്‍ ഫിറ്റ്നസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും തുടര്‍ന്ന് തന്റെ കാഴ്പ്പാട്ടില്‍ മാറ്റം വന്നുവെന്നുമാണ് ഐശ്വര്യ പറയുന്നത്.

ഫിറ്റനസിനൊപ്പമുള്ള തന്റെ യാത്ര വളരെ വ്യക്തിപരമായ ഒന്നാണ്. കുട്ടിയായിരിക്കെ എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്ഥിരമായി പരിഹസിക്കപ്പെടുകയും തടിച്ചിയെന്നും മൈദമാവ് പോലെ റൗണ്ടായിരിക്കുന്നവളെന്നും അടക്കം പല മോശം പേരുകളും വിളിച്ചിട്ടുണ്ട് എന്നെ. എന്നെ കളിയാക്കുന്നതും എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നതും പതിവായിരുന്നു. അത് എന്നെ എപ്പോഴും അലട്ടിയിരുന്നു. കാരണം, ഞാന്‍ അങ്ങനെ അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ല.

ഇന്നത്തെ കാലത്ത് നമ്മള്‍ അതിനെയാണ് ബുള്ളിയിംഗ് എന്ന് വിളിക്കുന്നത്. പക്ഷെ പണ്ട് താന്‍ ഭയങ്കര പാവവും നിഷ്‌കളങ്കയുമായിരുന്നു വെന്ന് ഐശ്വര്യ പറയുന്നു. അതിനാല്‍ ഒരിക്കലും പ്രതികരിച്ചിരുന്നില്ല. എപ്പോഴും ചിരിച്ച് മാറി നടക്കുമായിരുന്നു. പക്ഷെ എന്റെ മനസില്‍ ഞാന്‍ നോ എന്ന് പറയുമായിരുന്നു. ഞാന്‍ ഒരിക്കലും തടിച്ചിയായി അറിയാന്‍ പെടില്ലെന്ന് തീരുമാനിച്ചു. അതോടെയാണ് കാര്യങ്ങള്‍ മാറിയത്. അങ്ങനെയാണ് ഫിറ്റ്നസുമായുള്ള എന്റെ യാത്ര തുടങ്ങുന്നത്.

ഞാന്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ആരംഭിക്കുന്നത് പതിനാറാമത്തെ വയസിലാണ്. അന്ന് മുതല്‍ ഓരോ പരിഹാസങ്ങളേയും ഞാന്‍ ക്രിയാത്മക വിമര്‍ശനമായെടുത്ത് കഠിനമായി വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങി. മെലിയാന്‍ ലോകത്തുള്ള സകല മണ്ടന്‍ ഡയറ്റുകളും പരീക്ഷിച്ചു. ജീവിതത്തിലൊരു ഘട്ടത്തില്‍ എന്റെ ജീനുകളെ പോലും അമ്പരപ്പിച്ചു കൊണ്ട് മെലിഞ്ഞിരുന്നു. പക്ഷെ പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു, നോ എനിക്കാരേയും ഇംപ്രസ് ചെയ്യിക്കേണ്ട. എനിക്ക് മെലിയണ്ട. എനിക്ക് ആരോഗ്യത്തോടെയിരിക്കണം. എന്റേതായ രീതിയില്‍ ഫിറ്റ് ആയിരിക്കണം എന്ന് തീരുമാനിച്ചു. അതോടെ ഞാന്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ആരംഭിച്ചു.

മെലിയാനാല്ല, ഫിറ്റായിരിക്കാന്‍. ഇപ്പോള്‍ ഫിറ്റ്നസ് എന്റെ ജീവിതശൈലിയായി മാറിയിരിക്കുകയാണ്. എന്നെ കളിയാക്കവരോട് ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. അവരെന്നെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ ഞാന്‍ ഇത്ര ഫിറ്റായിരിക്കുകയോ ഫിറ്റ്നസിനെ ഗൗരവമായി എടുക്കുകയോ ചെയ്യില്ലായിരുന്നു. ഞാന്‍ അവരോട് ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. കാതലില്‍ സൊതപ്പുവതു യെപ്പടി എന്ന സിനിമയിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ചു. മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി ഐശ്വര്യ.