മോന്റെ കരച്ചില്‍ കേട്ട് അന്ന് ഉണര്‍ന്നു, ജഗതിക്ക് അപകടം സംഭവിച്ച ദിവസത്തെ കുറിച്ച് ഭാര്യയും മകളും

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാര്‍. അപകടത്തിന് ശേഷം മലയാള സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ‘സിബിഐ 5 ദി ബ്രെയിന്‍’ എന്ന ചിത്രത്തിലൂടെ വീണ്ടും അദ്ദേഹം ബിഗ് സ്‌ക്രീനില്‍ എത്തുകയാണ്. ജഗതിയുടെ കുടുംബം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്. ഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭയും മകള്‍ പാര്‍വതിയും നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ കുടുംബ ജീവിതത്തെ പറ്റിയും ജഗതി ശ്രീകുമാറിന് അപകടം ഉണ്ടായ ദിവസത്തെ അനുഭവത്തെ പറ്റിയുമെല്ലാം പറഞ്ഞത്.

തന്റെ പതിനേഴാം വയസ്സിലാണ് ജഗതി ശ്രീകുമാര്‍ തന്നെ വിവാഹം കഴിച്ചതെന്ന് ശോഭ പറഞ്ഞു. വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടായ ചില രസകരമായ അനുഭവങ്ങളും ശോഭ പങ്കുവച്ചു. ‘കല്യാണത്തിന്റെ ഒരു സീരിയസ്‌നെസ്സ് എനിക്ക് ഇല്ലായിരുന്നു. പുള്ളിക്കാരന്‍ കല്യാണം കഴിഞ്ഞ നാല് ദിവസം കഴിഞ്ഞ് ഷൂട്ടിങ്ങിന് പോയി. ഷൂട്ടിങ് കഴിഞ്ഞ തിരിച്ചു വന്നപ്പോള്‍ എനിക്ക് പേടിയായി. ഷൂട്ടിങ് കഴിഞ്ഞ് പുള്ളി തിരിച്ചു വരണ്ടായിരുന്നു എന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. ഇപ്പോഴും അമ്ബിളിച്ചേട്ടന്‍ പറയാറുണ്ട് എടീ നീ പണ്ട് ഞാന്‍ പോകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കിലായിരുന്നോ എന്ന്’

പപ്പ നല്ല സ്‌നേഹ സമ്പന്നന്‍ ആയിരുന്നു എന്നും ആദ്യകാലങ്ങളില്‍ അമ്മക്ക് പാചകം അറിയില്ലായിരുന്നു അതുകൊണ്ട് തന്നെ പപ്പയാണ് പാചകം ചെയ്തിരുന്നതെന്നും ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി പറഞ്ഞു. അന്നത്തെ കാലത്തും പപ്പ ഇന്നത്തെ കാലത്തെ യുവാക്കളെപോലെയാണ് ചിന്തിച്ചിരുന്നത്. പെണ്ണുങ്ങളേ വീട്ടുജോലികള്‍ ചെയ്യാന്‍ പാടുള്ളു, അല്ലെങ്കില്‍ അവര്‍ അടുക്കളയില്‍ ഇരിക്കണം എന്നൊന്നും ഉള്ള ചിന്താഗതിക്കാരന്‍ ആയിരുന്നില്ല അദ്ദേഹം.-മകള്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞുങ്ങളെ നോക്കുന്നപോലെയായിരുന്നു തന്നെ ജഗതി ശ്രീകുമാര്‍ നോക്കിയിരുന്നതെന്നും ശോഭ പറഞ്ഞു. തന്റെ ഭര്‍ത്താവ് തിരിച്ച് സിനിമയില്‍ സജീവം ആവണം എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും ശോഭ വ്യക്തമാക്കി. അദ്ദേഹത്തിന് സിനിമ കഴിഞ്ഞേ കുടുംബ ജീവിതം ഉള്ളു എന്നും സിനിമയുടെ തിരക്കുകളില്‍ അദ്ദേഹം മുഴുകുമ്പോള്‍ ഒരിക്കലും തങ്ങള്‍ക്ക് ഒരു പാരാതിയോ പരിഭവമോ ഉണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2012ല്‍ ജഗതി ശ്രീകുമാറിന്റെ കാര്‍ അപകടത്തില്‍പെട്ട ദിവസത്തെ അനുഭവവും ഇരുവരും പങ്കുവച്ചു. ‘അന്ന് വെളുപ്പിന് സ്വപ്നം കണ്ട് എന്റെ മോന്‍ എണീറ്റ് കരഞ്ഞു’ പാര്‍വതി പറഞ്ഞു.’മോന്റെ കരച്ചില്‍ കേട്ട് വീട്ടില്‍ എല്ലാവരും ഉണര്‍ന്നു. പെട്ടെന്ന് അമ്ബിളി ചേട്ടന്റെ ഒരു ഫ്രണ്ട് ഞങ്ങളെ വിളിച്ച ചോദിച്ചു. അപ്പോഴാണ് ഞങ്ങള്‍ ഈ കാര്യം അറിയുന്നത്. അപ്പോള്‍ ന്യൂസ് വെച്ചപോഴാണ് ഞങ്ങള്‍ ഇത് കാണുന്നത്. ഒരു ചെറിയ അപകടം ആണെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയിരുന്നത്.