ജയ്റ്റ്‌ലിയുടെ സംസ്‌കാരം ഉച്ചയോടെ, 11 മണിക്ക് മൃതദേഹം ബി.ജെ.പി ആസ്ഥാനത്ത്

അന്തരിച്ച മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ (66) സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം ഡല്‍ഹി നിഗംബോധ് ഘട്ടില്‍ വച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷത്തെ നേതാക്കള്‍ തുടങ്ങിയ പ്രമുഖരുടെ നിര തന്നെ ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കും.

നിലവില്‍ കൈലാഷ് കോളനിയിലുള്ള ജെയ്റ്റ്ലിയുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹം രാവിലെ 11 മണിയോടെ ബി.ജെ.പി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ട് മണി വരെ അവിടെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമയം ഉണ്ടാകുമെന്ന് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അറിയിച്ചു.
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ച് ഇന്നലെയായിരുന്നു ജെയ്റ്റ്ലിയുടെ അന്ത്യം.

ദീര്‍ഘനാളായി രോഗബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാകുകയും ശ്വാസതടസം നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്‍പതാം തീയതിയാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.