മമതയ്ക്ക് പിന്നാലെ നിതീഷ് കുമാറും, പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ നിന്ന് പിന്മാറി

ന്യൂഡൽഹി: മമത ബാനർജിയ്ക്ക് പിന്നാലെ പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ പങ്കെടുത്തേക്കില്ലെന്ന് സൂചന. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ വച്ചാണ് നാളെ ഇൻഡി മുന്നണിയിലെ സഖ്യകക്ഷികൾ യോഗം ചേരാനിരിക്കുന്നത്.

യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യോഗത്തിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ നേതാവാണ് നിതീഷ് കുമാർ. നിതീഷ് കുമാറിന് പകരമായി ജെഡിയു നേതാക്കളായ ലാലൻ സിംഗ്, സഞ്ജയ് കുമാർ ഝാ എന്നിവർ പങ്കെടുക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.

യോഗത്തെ കുറിച്ച് തന്നെ ആരും വിളിച്ച് അറിയിച്ചില്ലെന്നും, ബംഗാളിൽ മറ്റ് പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ ഡൽഹിയിലേക്ക് ഇല്ലെന്നുമാണ് യോ​ഗത്തിൽ പങ്കെടുക്കാത്തതിൽ മമത ബാനർജിയുടെ വിശദീകരണം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന ചർച്ചകളുമായി ബന്ധപ്പെട്ടാണ് നാളെ യോഗം വിളിച്ചിരിക്കുന്നത്.

അതേസമയം ഇനി മുതൽ ഇൻഡി സഖ്യത്തെ നിതീഷ് നയിക്കണമെന്ന ആവശ്യവുമായി ജെഡിയു നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് ജെഡിയു നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇൻഡി സഖ്യത്തെ കോൺഗ്രസ് അല്ല, മറിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കണമെന്ന് ജെഡിയു ജനറൽ സെക്രട്ടറി നിഖിൽ മണ്ഡൽ ആവശ്യപ്പെട്ടത്.