ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച ആളൂരിനെ അഭിഭാഷകനായി തനിക്ക് വേണ്ടെന്ന് ജോളി

തന്റെ അഭിഭാഷകനായി ഗോവിന്ദച്ചാമിക്കായി വാദിച്ച ബി.എ ആളൂര്‍ വേണ്ടെന്ന് ജോളി. സഹോദരന്‍ ഏര്‍പ്പാടാക്കിയതെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ താനത് വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു.
താമരശ്ശേരി ഒന്നാം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴായിരുന്നു ജോളിയുടെ പ്രതികരണം. സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തില്‍ ജോളി ഒപ്പിട്ടതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനും പറഞ്ഞു. ആളൂര്‍ കുപ്രസിദ്ധ കേസുകള്‍ മാത്രമാണ് എടുക്കുക എന്ന് ജോളി പിന്നീടാണ് മനസിലാക്കിയത്. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളൂരിന്റെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോളിയെ തെറ്റിദ്ധരിപ്പിച്ചാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദം മൂലമാണ് ഇപ്പോള്‍ ജോളി തന്നെ തള്ളിപ്പറയുന്നതെന്നാണ് ആളൂരിന്റെ പ്രതികരണം. എന്തുകൊണ്ട് ജോളി ഇക്കാര്യം കോടതിയില്‍ പറഞ്ഞില്ല?. പോലീസ് ഒന്നിനും അനുവദിക്കാത്തതിനാല്‍ പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില്‍ വച്ച് സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആളൂരിന്റെ അഭിഭാഷകര്‍ ജോളിയെ കണ്ട് സംസാരിച്ചിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കുന്നതെന്നായിരുന്നു ആളൂര്‍ മുമ്പ് പറഞ്ഞിരുന്നത്.

അതേസമയം സുഖമില്ലാത്തതിനാല്‍ നില്‍ക്കാനും ഇരിക്കാനും പറ്റുന്നില്ലെന്ന് വ്യാഴാഴ്ച പയ്യോളിയില്‍ വെച്ച് പൊലീസിനോട് പരാതിപ്പെട്ട ജോളി വെള്ളിയാഴ്ച താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയത് തികച്ചും ശാന്തയായിരുന്നു. അകമ്പടി വന്ന വനിത പൊലീസിനോടും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം ജോളി തലയുയര്‍ത്തി പുഞ്ചിരിയോടെ സംസാരിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ചുരിദാറിന്റെ ഷാളില്‍ മൂടിയ മുഖം, മറക്കാതെയാണ് ഇത്തവണ കോടതിയില്‍ മജിസ്ട്രേറ്റിനെ കാത്തിരുന്നത്. വൈകീട്ട് 3.20നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍. ഹരിദാസിന്റെയും വനിത പൊലീസ് ഇന്‍സ്പെക്ടര്‍ പി. കമലാക്ഷിയുടെയും നേതൃത്വത്തിലുള്ള സംഘം കോടതിയിലെത്തിയത്.

മുമ്പ രണ്ടുതവണയും ജോളിയെ എത്തിച്ചപ്പോള്‍ ആയിരത്തോളം പേര്‍ തടിച്ചുകൂടിയിരുന്നുവെങ്കിലും വെള്ളിയാഴ്ച നൂറില്‍ താഴെ പേരാണ് റോഡരികിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുതവണയും മാധ്യമങ്ങളെ തുറന്ന കോടതിയില്‍നിന്ന് പൊലീസ് വിലക്കിയിരുന്നെങ്കിലും ഇത്തവണ മാധ്യമപ്രവര്‍ത്തകര്‍ക്കും കോടതിമുറിയില്‍ പ്രവേശനം നല്‍കി. മജിസ്ട്രേറ്റ് എത്തിയത് 20 മിനിറ്റിന് ശേഷമായിരുന്നു. അതിനിടെ, കോടതി ജീവനക്കാരും മറ്റും പ്രതിയെ ഒരുനോക്ക് കാണാനെത്തി.

ശനിയാഴ്ച മുന്‍സിഫ് കോടതിയുടെ ഉദ്ഘാടനം നടക്കുന്നതിനാല്‍ കോടതിക്ക് പുറത്ത് പെയിന്റിങ് അടക്കമുള്ള മിനുക്കുപണികള്‍ ചെയ്യുന്നവരും എത്തിനോക്കി. കോടതി പിരിയുന്നതുവരെ ഇരിക്കാന്‍ ശിക്ഷ കിട്ടിയ യുവാവിനും ജോളിയെ കണ്ടതിന്റെ സന്തോഷം. രാവിലെ കേസിന് വന്നിട്ട് തിരിച്ചുപോകാതെ ജോളിയെ കാണാന്‍ കാത്തിരുന്ന കക്ഷികളും കോടതി വരാന്തയിലുണ്ടായിരുന്നു. ഇതിനിടയില്‍ ആളൂര്‍ അസോസിയേറ്റ്സിലെ അഭിഭാഷകര്‍ ജോളിയുമായി ഒരുതവണ സംസാരിച്ചു. എന്നാല്‍, വീണ്ടും സംസാരിക്കാന്‍ വനിത പൊലീസ് ഇന്‍സ്പെക്ടര്‍ അനുവദിച്ചില്ല. 3.40ന് നടപടികള്‍ തുടങ്ങിയപ്പോള്‍ പരാതിയൊന്നുമില്ലെന്ന് ജോളിയും പ്രജികുമാറും പറഞ്ഞു. മാനസികപ്രയാസമുള്ളതായി രണ്ടാം പ്രതി എം.എസ്. മാത്യു പറഞ്ഞു.

പ്രജികുമാറിന്റെ ഭാര്യ ശരണ്യ കോടതിയുടെ അനുമതിയോടെ ഭര്‍ത്താവുമായി സംസാരിച്ചു. പ്രജികുമാറിന് ജയിലില്‍ ഇടാന്‍ വസ്ത്രങ്ങളും ശരണ്യ എത്തിച്ചിരുന്നു. ധൈര്യത്തോടെ ഇരിക്കാനും നന്നായി ഉറങ്ങാനും പ്രജികുമാറിനെ ഭാര്യ ഉപദേശിച്ചു. മാത്യുവിന്റെയും ജോളിയുടെയും ബന്ധുക്കളാരും വെള്ളിയാഴ്ചയും കാണാനെത്തിയില്ല. 4.15ന് കോടതിയുടെ മുന്‍വശം വഴി ജോളിയെയും പടിഞ്ഞാറെ ഗേറ്റിലൂടെ മാത്യുവിനെയും ജില്ല ജയിലിലേക്ക് കൊണ്ടുപോയി.