മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതല്‍ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത്, വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി ജൂഡ് അന്റണി

ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വലിയ വിമര്‍ശനമാണ് ഭര്‍ത്താവ് അരുണിനും കുടുംബത്തിനും എതിരെ ഉയരുന്നത്. പ്രമുഖരായ പലരും സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്.

മരണപ്പെട്ട സ്ത്രീകളോട് മാത്രം കരുതല്‍ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത് എന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ജൂഡ് പരിഹസിക്കുന്നു. ജീവിച്ചിരിക്കെ ഭര്‍തൃ വീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇറങ്ങി വന്നാല്‍ അവള്‍ അഹങ്കാരിയും തന്റെടിയും ആണെന്ന് സമൂഹം മുദ്രകുത്തും എന്നും അവള്‍ ഒറ്റയ്ക്കാണെന്നും ജൂഡ് തന്റെ ഫേസ്ബുക്ക്‌പോസ്റ്റില്‍ വ്യക്തമാക്കി.

ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതല്‍ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത്! ജീവിച്ചിരിക്കെ ഇറങ്ങി വന്നാല്‍ അവള്‍ അഹങ്കാരിയും തന്റെടിയും ആണ്‍ അവള്‍ ഒറ്റക്കാണ്.

തിങ്കളാഴ്ചയാണ് വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്ത്രീധനത്തിന്റെ പേരിലുണ്ടായ ഭര്‍ത്താവിന്റെ ഉപദ്രവമാണ് മരണ കാരണം. 100 പവന്‍ സ്വര്‍ണവും ഒരേക്കര്‍ 20 സെന്റ് സ്ഥലവും പത്ത് ലക്ഷം രൂപ വില വരുന്ന കാറും സ്ത്രീധനമായി നല്‍കിയായിരുന്നു വിസ്മയയുടെ വിവാഹം നടത്തിയത്. എന്നാല്‍ കാറിന് പത്ത് ലക്ഷം രൂപ വിലയില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് അരുണ്‍ യുവതിയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അരുണിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.