പമ്പിള്ളേര്‍ക്ക് എന്തിനാ ശമ്പളം, ശമ്പളം ചോദിച്ച ജൂനിയര്‍ ഡോക്ടറോട് ജില്ലാതല മേധാവിയുടെ മറുചോദ്യം

കോവിഡ് കാലത്ത് സ്വന്തം ജീവന്‍ പോലും പണയം വെച്ച് സേവനം അനുഷ്ഠിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഡോക്ടര്‍മാര്‍ ഓരോ ജീവന്‍ രക്ഷിക്കാനായി ഓടി നടക്കുകയാണ്. കോവിഡ് കാലമായതിനാല്‍ ജൂനിയര്‍ ഡോക്ടര്‍മാരെയും ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ജോലി ചെയ്യുന്ന ഒരു ജൂനിയര്‍ ഡോക്ടര്‍ ശമ്പളം ചോദിച്ചപ്പോഴുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പെമ്പിള്ളേര്‍ക്ക് എന്തിനാ ശമ്പളം, ചെയ്ത ജോലിക്ക് ശമ്പളം ചോദിക്കുമ്പോള്‍ മനുഷ്യത്വം മരവിച്ച് പോകുന്ന ഇത്തരം മറുപടി കിട്ടിയാല്‍ ആര്‍ക്കാണ് ദേഷ്യം വരാത്തത്. ജൂനിയര്‍ ഡോക്ടറോട് ആരോഗ്യ വകുപ്പിലെ ഒരു ജില്ലാതല മേധാവി ചോദിച്ച ചോദ്യമാണിത്. രണ്ടു മൂന്നുമാസമായി, കൃത്യമായി ഒരു തസ്തികയില്ലാതെ, ആരു പറയുന്ന എന്തുപണിയും ചെയ്യേണ്ടി വരുന്ന, കൊവിഡിന്റെ പേരില്‍ മാത്രം സര്‍ക്കാര്‍ നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്ന ജൂനിയര്‍ ഡോക്ടറായ കൃഷ്ണപ്രിയയ്ക്കാണ് ഈ ചോദ്യം നേരിടേണ്ടി വന്നത്. ഇക്കാര്യം വെളിപ്പെടുത്തി കൃഷ്ണപ്രിയ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം; ശരിയാണ്, ഈ കൈകള്‍ വേതനം അര്‍ഹിക്കുന്നില്ല. ചെയ്യുന്ന ജോലിയുടെ തസ്തിക എന്തെന്നറിയാന്‍ അര്‍ഹതയില്ല. ഭക്ഷണം ഈ വയറുകള്‍ അര്‍ഹിക്കുന്നില്ല. എത്ര നടന്നാലും ഈ ചെരുപ്പുകള്‍ തേയില്ല. ഇവരെ മാത്രം മഹാമാരി ചെറുക്കാന്‍ വീണ്ടും വീണ്ടും ഉപയോഗിക്കണം. എന്തെന്നാല്‍,ഈ ശരീരങ്ങളെ അസുഖം ഒരിക്കലും ബാധിക്കുകയില്ല. പെണ്ണുങ്ങള്‍ ഉണ്ടോ കൂട്ടത്തില്‍? ഹ!പെമ്പിള്ളേര്‍ക്ക് എന്തിനാ ശമ്പളം? അച്ഛനോടും അമ്മയോടും കാശ് ചോദിച്ചാല്‍ പോരെ. നമ്മുടെ മേലെ ഉള്ള ഡോക്ടറുടെ വാമൊഴി.

ജനങ്ങളോടാണ്, ഗവണ്മെന്റ് കോളേജുകളില്‍ പഠിച്ച എന്ജിനീയര്‍മാരും, ടീച്ചര്‍മാരും, വക്കീലന്മാരും ചെയ്യാത്ത സൗജന്യസേവനം എന്തേ നിങ്ങള്‍ ഡോക്ടര്‍മാരില്‍ നിന്നും പ്രതീക്ഷിക്കുന്നു. അഞ്ചര വര്‍ഷം കൊണ്ട് ഞങ്ങളുടെ വയര്‍ ചുരുങ്ങിയിട്ടില്ല. അഞ്ചര വര്‍ഷം കൊണ്ട് ഞങ്ങള്‍ അനാഥരായിട്ടില്ല. അഞ്ചര വര്‍ഷം കൊണ്ട് ഞങ്ങളുടെ മാതാപിതാക്കള്‍ പണക്കാരായിട്ടില്ല. അഞ്ചരവര്‍ഷം ഞങ്ങള്‍ അറിവ് അല്ലാതെ മറ്റൊരു സമ്പാദ്യവും ഉണ്ടാക്കിയിട്ടില്ല. എല്ലാവരുടെയും വീട്ടില്‍ പോറ്റാന്‍ വയറുകളുണ്ട്. 25 വയസ്സ് വരെ നോക്കി വളര്‍ത്തിയ മക്കള്‍ പഠിച്ചു പണം സമ്പാദിച്ചു വരുന്നത് നോക്കി ഇരിക്കുന്ന പ്രായം ചെന്ന മാതാപിതാക്കള്‍ ഉണ്ട്. എന്തുകൊണ്ട് ഞങ്ങള്‍ മാത്രം അധികാരികളുടെയും മറ്റുള്ളവരുടെയും കണ്ണില്‍ മനുഷ്യരല്ലാതാകുന്നു. ഈ ദുരവസ്ഥ കണ്ടിട്ടും മനസ്സലിയാത്തവര്‍ നമ്മള്‍ പഠിച്ച വിദ്യ തന്നെ നമുക്ക് മുന്നേ പഠിച്ചിറങ്ങിയവരാണ്. നിങ്ങള്‍ക്കും ഹൃദയം നഷ്ടപ്പെട്ടതാണോ? എന്തുകൊണ്ട് ഞങ്ങളെ സഹായിക്കേണ്ട എന്ന തീരുമാനം നിങ്ങള്‍ എടുത്തു? ഇനിയും കുറെ പറയാന്‍ ഉണ്ട്. ചുറ്റും ഉള്ളവര്‍ മനസ്സിലാകാത്തവര്‍ അല്ല, മനസ്സിലാകാത്ത പോലെ അഭിനയിക്കുന്നവര്‍ ആണെന്ന് ബോധ്യമായിരിക്കുന്നു. എന്നത്തേയും പോലെ ഇന്നും നിങ്ങള്‍ക്ക് കുറ്റബോധം ഇല്ലാതെ സമാധാനം ആയി ഉറങ്ങാന്‍ സാധിക്കട്ടെ. ചിത്രത്തില്‍: PPE ഇട്ടു ജോലി ചെയ്യുന്ന വേതനമില്ലാത്ത,തസ്തികയില്ലാത്ത,ഒരു അടിമയുടെ കൈ.

https://www.facebook.com/krishna.priyats.3/posts/1379496372244052