കുഴല്‍പ്പണക്കേസില്‍ അന്വേഷണം തന്റെ മകനിലേക്ക് എത്തില്ല, മാധ്യമങ്ങള്‍ നല്‍കുന്നത് വ്യാജ വാര്‍ത്തകളെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രനെ ഒറ്റപ്പെടുത്തിലെന്ന ബിജെപി കേരള ഘടകത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മകനെതിരെയുള്ള ആരോപണത്തില്‍ വിശദീകരണം. കൊടകര കുഴല്‍പ്പണക്കേസിന്റെ അന്വേഷണം തന്റെ മകന്‍ കെഎസ് ഹരികൃഷ്ണനിലേക്ക് എത്തില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മാധ്യമങ്ങളില്‍ വരുന്നത് വ്യാജവാര്‍ത്തകളാണെന്നും, എന്ത് മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

തന്റെ മകന്‍ ധര്‍മ്മരാജനെ വിളിച്ചോ ഇല്ലയോ എന്ന് കണ്ടുപിടിക്കേണ്ടത് പോലീസിന്റെ ചുമതലയാണെന്നും, പോലീസ് അന്വേഷിക്കട്ടെയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഒരു കുറ്റവും ചെയ്യാതെ 300 കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് താനെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ മകനിലേക്ക് ഒരു അന്വേഷണവും എത്തിക്കാന്‍ കഴിയില്ല. എന്റെ മകന്‍ എന്തിനാണ് ധര്‍മ്മരാജനെ വിളിക്കുന്നത്. ഏത് മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ധര്‍മ്മരാജനെ മകന്‍ വിളിച്ചോ ഇല്ലയോ എന്നത് പൊലീസ് അന്വേഷിച്ച് പറയട്ടെ. മാധ്യമങ്ങളില്‍ വരുന്നത് വ്യാജവാര്‍ത്തകളാണ്. ഒരു കുറ്റവും ചെയ്യാതെ 300 കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് ഞാന്‍. ഈ സര്‍ക്കാരില്‍ നിന്ന് ഇതൊക്കെത്തന്നെ പ്രതീക്ഷിച്ചാണ് ഞാന്‍ ഇവിടെയിരിക്കുന്നത്.’ സുരേന്ദ്രന്‍ വ്യക്തമാക്കി.