പി. ജയരാജന്റെ മകനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ

കണ്ണൂർ : സിപിഎം നേതാവ് പി. ജയരാജന്റെ മകനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. സംഘടനയെ മോശമാക്കാനുള്ള ശ്രമമാണ് പി. ജയരാജന്റെ മകൻ ജെയിൻരാജ് നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ എന്ന പേരിലുള്ള ഫെയ്‌സ്ബുക്കിൽ കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിനെതിരെ ജെയിൻരാജ് സാമൂഹ്യ മാധ്യമങ്ങളിൽ സഭ്യമല്ലാത്ത ഭാഷയിൽ പ്രചാരണം നടത്തിയിരുന്നു.

കിരണിനെ സഭ്യമല്ലാത്ത ഭാഷയിൽ വിമർശിച്ച് ജെയിൻരാജ് കഴിഞ്ഞ ദിവസങ്ങളിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ്, ജയിന്റെ പേര് പരാമർശിക്കാതെ ഡിവൈഎഫ്ഐയുടെ ഫെയ്‌സ്ബുക്ക് പേജിൽ കുറിപ്പ് വന്നത്.സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുമായി കിരണിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റും ജെയിൻരാജ് പങ്കു വെച്ചിരുന്നു.

സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ഡിവൈഎഫ്ഐയെയും പാനൂർ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂരിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്. പി. ജയരാജന്റെ മകൻ ജെയിൻരാജിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് സംഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു.