നിയമസഭയില്‍ നാടകീയ രംഗങ്ങള്‍, ഒരു മിനിറ്റില്‍ പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍, വായിച്ചത് അവസാന ഖണ്ഡിക മാത്രം

ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ നാടകീയ രംഗങ്ങള്‍. സഭയെ ഒന്നടങ്കം അമ്പരപ്പിച്ച് ഒന്നേകാല്‍ മിനിറ്റിനകം പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ സഭയില്‍ നിന്ന് മടങ്ങുകയായിരുന്നു. പതിവ് പോലെ തുടക്കത്തില്‍ സ്പീക്കറെ അടക്കം അഭിസംബോധന ചെയ്ത ശേഷം ഗവര്‍ണര്‍ അവസാന ഖണ്ഡികയിലേക്ക് കടന്ന് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

സഹകരണ ഫെഡറലിസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു അവസാന ഭാഗം. ഇത് ഉറപ്പാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഇതില്‍ വെള്ളം ചേര്‍ക്കരുതെന്നും അദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനായി പ്രയത്നിക്കേണ്ടതിന്റെ പ്രാധാന്യം കൂടി വ്യക്തമാക്കിയാണ് അദേഹം പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് മടങ്ങി.

26,27,28 തീയതികളില്‍ സമ്മേളനം ഉണ്ടാകില്ല. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച 29,30,31 തീയതികളില്‍ നടക്കും. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ബജറ്റ് ചര്‍ച്ച. മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.