രണ്ടാഴ്ചയ്ക്കുള്ളില്‍ മുങ്ങിമരിച്ചത് മൂന്നുകുട്ടികള്‍, അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍

കഴിഞ്ഞ ദിവസം മുങ്ങി മരിച്ച ദേവനന്ദയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും ആളുകള്‍ ഇതുവരെ മുക്തരായിട്ടില്ല. സംസ്ഥാനത്ത് കുട്ടികളുടെ മരണങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്്. രണ്ടാഴ്ചയ്ക്കിടെ കൊട്ടിയത്തും പരിസര പ്രദേശങ്ങളിലുമായി മുങ്ങി മരിച്ചത് മൂന്നു കുട്ടികളാണ്. കൊല്ലം പുന്തലത്താഴത്ത് കോര്‍പ്പറേഷന്‍ സ്ഥലത്തെ വെള്ളക്കെട്ടില്‍ വീണ് പത്തുവയസ്സുകാരി കാവ്യ കണ്ണന്‍ ദാരുണമായി മരിച്ചത് വാര്‍ത്തയായിരുന്നു. വടക്കേവിള പഞ്ചായത്ത് വിളപുത്തന്‍വീട്ടില്‍ കണ്ണന്റെ മകളും മീനാക്ഷി വിലാസം സ്‌കൂളിലെ 4ാംക്ലാസ് വിദ്യാര്‍ഥിയുമായ പത്ത് വയസ്സുകാരി കാവ്യയാണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 11നാണ് അപകടം. സംഭവ സ്ഥലത്തിനു സമീപത്തുള്ള വാടക വീട്ടിലാണ് കണ്ണനും കുടുംബവും 3 വര്‍ഷമായി താമസിക്കുന്നത്. അപകടം നടന്ന ദിവസം കാവ്യയും ഇളയ സഹോദരിയും െവള്ളക്കെട്ടിനു സമീപത്തു കൂടി നടക്കുമ്പോള്‍ കാവ്യ കാല്‍ വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ആരും എത്താത്തിനെത്തുടര്‍ന്ന് സഹോദരി ഓടി അകലെയുള്ള ബന്ധുവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ബന്ധു വീട്ടുകാരും നാട്ടുകാരും എത്തിയാണ് കുട്ടിയെ വെള്ളക്കെട്ടില്‍ നിന്നു പുറത്തെടുത്തത്. ഉടന്‍ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. കുളത്തിനു സമീപം സംരക്ഷിത വേലി സ്ഥാപിച്ചിരുന്നില്ല. കുഴിയെടുത്ത മണ്ണ് ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനു മുകളിലൂടെ നടന്നപ്പോഴാണ് കാവ്യ കാല്‍വഴുതി വെള്ളക്കെട്ടിലേക്ക് വീണത്

കഴിഞ്ഞ 22-നാണ് കൊട്ടിയത്ത് സ്വകാര്യ വിദ്യാലയത്തില്‍ പഠിക്കുന്ന മുഹമ്മദ് ഷാഫിയെന്ന പതിനേഴുകാരന്‍ മുഖത്തലയ്ക്കുസമീപം കുഴിവെട്ടിക്കുളത്തില്‍ മുങ്ങി മരിച്ചത്. കൂട്ടുകാരായ ഒന്‍പതു പേരുമായി കുളിക്കാന്‍പോയതായി പറയുന്നു. മരിച്ചനിലയിലാണ് പിന്നീട് കണ്ടെത്തിയത്. മരണത്തില്‍സംശയം ഉന്നയിച്ച് രക്ഷിതാക്കള്‍ അടുത്തദിവസം തന്നെ കൊട്ടിയം പോലീസിന് പരാതി നല്‍കിയിരുന്നു. വിശദമായ പോസ്റ്റ്േമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ അന്വേഷണം വ്യാപകമാക്കൂ എന്നാണ് പോലീസ് പറയുന്നത്.മയ്യനാട് വെള്ളാപ്പില്‍മുക്കിനടുത്ത് രാജീവ് നിവാസില്‍ രാമചന്ദ്രന്റെ മകന്‍ രാജീവ് പുത്തന്‍കുളത്തില്‍ മുങ്ങിമരിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിരുദ വിദ്യാര്‍ഥിയായ പാരിപ്പള്ളി സ്വദേശി ഐശ്വര്യ ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ചത്.

ലക്ഷകണക്കിന് ജനങ്ങളുടെ പ്രാര്‍ഥനകള്‍ ഫലിക്കാതെ യാത്രയായ ഇളവൂര്‍ ധനീക്ഷ് മന്ദിരത്തില്‍ പ്രദീപ് ചന്ദ്രന്റെയും ധന്യയുടെയും മകള്‍ പൊന്നു എന്ന ദേവനന്ദ(7) യുടെ മരണമാണ് ഒടുവിലത്തേത്.  20 മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതോടെ പൊലീസും നാട്ടുകാരുമെല്ലാം പകലും രാത്രിയുമെല്ലാം കുട്ടിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഇന്നലെരാവിലെ കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാല്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രഥമിക പരിശോധനയില്‍ മുങ്ങി മരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വീട്ടുകാരും നാട്ടുകാരും മരണത്തില്‍ ദുരൂഹത ആരോപിക്കുമ്പോള്‍ സമഗ്രമായ തുടരന്വേ ഷണമാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നാട്ടുകാര്‍ ആകെ പരിഭ്രാന്തിയിലാണ്.