കെകെ ശൈജലജയെ മാറ്റാനുള്ള തീരുമാനം അപ്രതീക്ഷിതം; വിവാദങ്ങള്‍ക്ക് വഴി തെളിച്ചേക്കാം

പുതിയ മന്ത്രിസഭയില്‍ കെകെ ശൈലജ മന്ത്രിയാവില്ലെന്ന തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ ഒട്ടുമിക്ക ആളുകളേയും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ച കെകെ ശൈലജ രാജ്യാന്തര തലത്തില്‍ പോലും ശ്രദ്ധ നേടിയിരുന്നു. ഈ അവസരത്തില്‍ ശൈലജയെ ഒഴിവാക്കുന്നത് വിവാദങ്ങള്‍ക്ക് വഴിതെളിച്ചേക്കും.

എല്ലാ മന്ത്രിമാരും മാറിനില്‍ക്കുകയെന്ന തീരുമാനം പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗീകരിച്ചതോടെയാമ് കെ കെ ശൈലജ ഉണ്ടാവില്ലെന്ന് അന്തിമമായ തീരുമാനമുണ്ടായത്. കെകെ ശൈലജയെ മാറ്റിനിര്‍ത്തുമെന്ന് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത്തരത്തില്‍ ഒരു തീരുമാനം എടുക്കില്ലെന്ന് പിന്നീട് സൂചന ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനേയും കെകെ ശൈജലജയേയും നിലനിര്‍ത്തിക്കൊണ്ട് ബാക്കിയുള്ളത് മുഴുവന്‍ പുതുമുഖങ്ങളായിരിക്കും എന്നാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ട്.

എന്നാലിപ്പോള്‍ അപ്രതീക്ഷിതമായാണ് കെകെ ശൈലജയേയും ഒഴിവാക്കാനുള്ള തീരുമാനം എത്തിയിരിക്കുന്നത്. എല്ലാവരേയും മാറ്റി നിര്‍ത്തുമ്പോള്‍ ശൈലജയ്ക്ക് മാത്രം ഇളവ് നല്‍കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി തീരുമാനം. ഇതോടെയാണ് കെകെ ശൈലജയേയും മാറ്റാന്‍ തീരുമാനിച്ചത്. നിപ വ്യാപനകാലത്തും, കോവിഡ് കാലത്തും ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വെച്ച ആരോഗ്യമന്ത്രിയാണ് കെകെ ശൈലജ. മുഖ്യമന്ത്രിയാവാന്‍പോലും യോഗ്യയാണെന്ന് ജനം വിധിയെഴുതിയ മന്ത്രിയെയാണ് പുതിയ തീരുമാനത്തിന്റെ ഭാഗമായി മാറ്റി നിര്‍ത്തുന്നത്.

മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു, വി ശിവന്‍കുട്ടി, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വീണാ ജോര്‍ജ്, കെ രാധാകൃഷ്ണന്‍, സജി ചെറിയാന്‍, വി അബ്ദുറഹ്മാന്‍ വിഎന്‍ വാസവന്‍ എന്നിവരൊക്കെ മന്ത്രിസഭയിലെത്തും. എംബി രാജേഷിനെ സ്പീക്കര്‍ ആയും തിരഞ്ഞെടുത്തു.