സൂത്രധാര തല മറച്ച സ്ത്രീ,ഇളം മഞ്ഞ വസ്ത്രം,കുഞ്ഞിന്റെ തലയും മറച്ചിരുന്നു

ആറുവയസ്സുകാരിയെ തിരിച്ച് കിട്ടിയപ്പോളും കേരളത്തിന്റെ അമ്മമാരുടെ ശ്വാസം നേരേ വീണിട്ടില്ല. ആരാണ്‌ തല മറച്ച് 6 വയസുകാരേ തട്ടികൊണ്ട് പോയത്. തല മറച്ച ആ സ്ത്രീയുടെ കൂടെ ഉണ്ടായിരുന്നവർ ആരൊക്കെ… ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയാലേ കേരളത്തിനു സമാധാനം ആകൂ..

ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിക്കാനായി പ്രതിയായ യുവതി സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് കണ്ടെത്തി. ഓട്ടോ ഡ്രൈവറുടെ മൊഴി ഇങ്ങിനെ..

”ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലംനഗരത്തിലെ ലിങ്ക് റോഡില്‍വെച്ചാണ് യുവതി കുട്ടിയുമായി ഓട്ടോയില്‍ കയറിയതെന്ന് എന്ന് ഓട്ടോ ഡ്രൈവർ സജീവൻ.

ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഭക്ഷണം കഴിച്ച് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്ക് വരുമ്പോള്‍ ലിങ്ക് റോഡില്‍വെച്ച് കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീ കൈകാണിച്ചു. ആശ്രാമത്തേക്ക് പോകാന്‍ പറഞ്ഞു. മൈതാനത്തിനടുത്ത് അശ്വതി ബാറിന്റെ എതിര്‍വശത്തെ വഴിയിലാണ് ഇവര്‍ ഇറങ്ങിയത്. എത്രരൂപയാണെന്ന് ചോദിച്ചപ്പോള്‍ 40 രൂപയാണെന്ന് പറഞ്ഞു. അവര്‍ 200 രൂപയുടെ നോട്ട് നല്‍കി. ബാക്കി 160 രൂപ തിരികെകൊടുത്തു. കുഞ്ഞിന് ഓട്ടോയില്‍നിന്നിറങ്ങാന്‍ കുറച്ച് പാടുണ്ടായിരുന്നു. നല്ല ക്ഷീണവും ഉണ്ടായിരുന്നു. പനി പിടിച്ചതായിരിക്കുമെന്നാണ് കരുതിയത്” സജീവന്‍ പറഞ്ഞു.

കുട്ടിയുമായി ഓട്ടോയില്‍ കയറിയ യുവതിക്ക് ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുമെന്നായിരുന്നു സജീവന്റെ പ്രതികരണം. വെളളനിറത്തിലുള്ള ഷാള്‍ ഉപയോഗിച്ച് ഇവര്‍ തലമറച്ചിരുന്നു. ഇളംമഞ്ഞനിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. കുഞ്ഞ് ഒന്നും പ്രതികരിച്ചിരുന്നില്ല. ഒരക്ഷരവും പോലും മിണ്ടിയില്ല. ഓട്ടോയില്‍വെച്ച് ഇവര്‍ ആരോടും മൊബൈല്‍ഫോണില്‍ സംസാരിച്ചിട്ടില്ല. വെയിലത്ത് റോഡരികില്‍നില്‍ക്കുമ്പോള്‍ കുഞ്ഞിന്റെ തലയും അവരുടെ ഷാള്‍ കൊണ്ട് മറച്ചിരുന്നു. ആദ്യം ആശ്രാമംമൈതാനത്തിന് സമീപത്തെ കമ്പിവേലിക്കരികെ നിര്‍ത്താനാണ് പറഞ്ഞത്. ഇതിലൂടെ വഴിയില്ലെന്ന് പറഞ്ഞപ്പോള്‍ കമ്പിവേലിക്കിടയിലൂടെ കുനിഞ്ഞ് കയറിക്കൊള്ളാമെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് മൈതാനത്ത് ബെഞ്ചുകളുള്ള ഭാഗത്തേക്കാണ് കുട്ടിയുമായി നടന്നുപോയതെന്നും ഓട്ടോഡ്രൈവര്‍ വിശദീകരിച്ചു.

സംഭവം നടന്ന് അരമണിക്കൂറിന് ശേഷം മകന്‍ ഫോണ്‍ വിളിച്ച് പറഞ്ഞപ്പോളാണ് ഓട്ടോയില്‍ കയറിയത് ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയാണോ എന്ന് സജീവന് സംശയം തോന്നിയത്. കുട്ടിയെ ആശ്രാമത്തുനിന്ന് കണ്ടെത്തിയെന്ന് ടി.വി.യില്‍ കാണിക്കുന്നുണ്ടെന്നാണ് മകന്‍ പറഞ്ഞത്. അപ്പോഴാണ് താന്‍ കൊണ്ടുവിട്ടത് ഈ കുട്ടിയെയും സ്ത്രീയെയുമാണോ എന്ന ബോധം ഉണ്ടായതെന്നും ചോദിച്ചറിഞ്ഞപ്പോള്‍ അത് ശരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.”

കുട്ടിയെ പോലീസ് ഏറ്റെടുത്ത് കൊല്ലം എ.ആര്‍. ക്യാംപിലെത്തിച്ചു. വൈദ്യപരിശോധനകള്‍ക്ക് ശേഷം ഉടന്‍തന്നെ കുട്ടിയെ വീട്ടിലെത്തിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറും.നവംബര്‍ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകളാണ് അബിഗേല്‍ സാറാ റെജി. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ(9)യും കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാല്‍ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു. കാലുകള്‍ റോഡിലുരഞ്ഞ് ജോനാഥന് പരിക്കേറ്റിട്ടുണ്ട്.