എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ അമ്മയായിരുന്നു അമ്മൂമ്മയായിരുന്നു എന്ന് പറഞ്ഞു വരാന്‍ കുറെ മഹത്തുക്കള്‍ കാണും, കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നു

നടിയും സംഗീത നാടക അക്കാദമി ചെയര്‍ പേഴ്‌സണുമായ കെപിഎസി ലളിത കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നടിയുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അടുത്തിടെ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയും നടന്നു.

അവര്‍ ആവശ്യപ്പെട്ടതിനാലാണ് ചികിത്സാ സഹായം നല്‍കുന്നതെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞിരുന്നു. കലാകാരി എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും അതില്‍ ആനാവശ്യ വിവാദങ്ങളുടെ കാര്യമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇപ്പോള്‍ കെപിഎസി ലളിതയോടൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ച് സിനിമാ സീരിയല്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ അമ്മയായിരുന്നു അമ്മൂമ്മയായിരുന്നു എന്ന് പറഞ്ഞു വരാന്‍ കുറെ മഹത്തുക്കളും, നല്ല ഫോട്ടോ നോക്കി എടുത്ത് വച്ച് കുറെ ഫേസ്ബുക്ക് തൊഴിലാളികളും കാത്തിരിക്കുന്നുണ്ട്! എല്ലാ കലാകാരന്മാരുടെയും ഗതികേടാണത്! മനം കവര്‍ന്ന പ്രിയ അഭിനേത്രിയ്ക്ക് പ്രാര്‍ത്ഥനകള്‍, എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലായിരുന്ന കെപിഎസി ലളിതയെ വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലേക്ക് അടുത്തിടെ കൊണ്ടുവന്നത്. അവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്നാണ് കെപിഎസി ലളിതയുടെ മകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.