കേരളത്തില്‍ ഫാസിസ്റ്റ് പ്രവണതയോടെ ഭരിക്കുന്ന ഇടതുപക്ഷമാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്ന് കെ സുധാകരന്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്നും ദേശീയ തലത്തില്‍ അത് ബിജെപിയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തില്‍ ബിജെപി ദുര്‍ബലമാണെന്നും അതിനാല്‍ ബിജെപിയെ നേരിടേണ്ട ആവശ്യമില്ലെന്നും പക്ഷേ പാര്‍ലമെന്റില്‍ ബിജെപിക്കെതിരെ മാത്രമാണ് താന്‍ സംസാരിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.

‘കേരളത്തില്‍ ബിജെപിയെപ്പോലെ താഴോട്ടോ മേലോട്ടോ വളരാത്തൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയല്ല, വളര്‍ന്ന് പന്തലിച്ചു ഫാസിസത്തിലൂടെ ഒരു സംസ്ഥാനത്തെ അടക്കി ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെയാണ് എന്റെ ആദ്യ പോരാട്ടം. കേരളത്തിലെ കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകരെയാണ് വെട്ടി നുറുക്കി കൊന്ന് ജനാധിപത്യപരമായ സ്വാതന്ത്ര്യം നിഷേധിച്ച് ഫാസിസ്റ്റ് പ്രവണതയോടെ ഭരിക്കുന്ന ഇടതുപക്ഷമാണ് മുഖ്യശത്രു.

അവര്‍ക്കെതിരെയുള്ള പോരാട്ടമാണ് നമ്പര്‍ വണ്‍. ബിജെപി ദുര്‍ബലമാണ് അതിനാല്‍ ഇവിടെ പ്രസംഗിക്കേണ്ട കാര്യമില്ല. പാര്‍ലമെന്റില്‍ ഞാന്‍ പ്രസംഗിക്കാറുണ്ട്. ആ പ്രസംഗത്തിന്റെ കോപ്പി കിട്ടും. അതൊന്നു കളക്ട് ചെയ്യാന്‍ എം.എ ബേബിയോട് ആവശ്യപ്പെടാം. അതല്ലെങ്കില്‍ ഞാന്‍ തന്നെ അദ്ദേഹത്തിന് എത്തിച്ചുനല്‍കാം. പാര്‍ലമെന്റില്‍ ഞാന്‍ ആര്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്ന് എന്റെ പ്രസംഗം സാക്ഷിയാണ്. ബിജെപിക്കെതിരെ മാത്രമാണ് ഞാന്‍ സംസാരിക്കുന്നത്. അവിടെ സിപിഎമ്മിനെ പരാമര്‍ശിക്കാറില്ല. കാരണം അവിടെ അങ്ങനെയൊരു പ്രസ്ഥാനം ഇല്ല. പക്ഷേ കേരളത്തില്‍ ശക്തരാണ്. ശക്തരായെടുത്ത് അവരെ എതിര്‍ക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ ബാധ്യതയാണ്. അതല്ലെങ്കില്‍ ഈ സംസ്ഥാനം തീര്‍ത്തും സിപിഎമ്മിന്റെ കയ്യിലേക്ക് പോകും.

ഞാന്‍ ബിജെപിയിലേക്ക് പോകും എന്ന് എപ്പോഴാണ് പറഞ്ഞതെന്ന് ആരോപണം ഉന്നയിച്ച ബേബിയായാലും മറ്റ് നേതാക്കളായാലും വ്യക്തമാക്കണം. ബിജെപിയിലേക്ക് പോകണമെങ്കില്‍ എനിക്കാരുടെയും എന്‍ഒസി വേണ്ട. പക്ഷേ അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ട് പോലുമില്ലെന്ന് നിരവധി പ്രാവശ്യം പറഞ്ഞുകഴിഞ്ഞു. ഞാന്‍ കോണ്‍ഗ്രസില്‍ ജനിച്ചവനാണ് കോണ്‍ഗ്രസില്‍ വളര്‍ന്നവനാണ്. മരിച്ചു കിടക്കുമ്പോള്‍ ത്രിവര്‍ണപതാക പുതച്ചുകിടക്കണമെന്ന് ആഗ്രഹിക്കുന്നവനാണ്. ആ എന്നെ ആര്‍എസ്എസിന്റെ മേലങ്കിയണിയിക്കാന്‍ ശ്രമിക്കുന്നത് ആശങ്കയും ഭീരുത്വവുമാണ്. എന്നെപ്പോലെ ഒരു രാഷ്ട്രീയക്കാരനെ ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ കുത്സിത ശ്രമമാണ് ഈ നുണപ്രചരണം’. കെ. സുധാകരന്‍ വ്യക്തമാക്കി.