വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകുമെന്നു സൂചന. ഇന്ന് ചേരുന്ന കോര്‍കമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കും. പാര്‍ട്ടി തീരുമാനം എന്താണെങ്കിലും അഗീകരിക്കും എന്ന് കമ്മനം രാജശേഖരന്‍ വ്യക്തമാക്കി കഴിഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ മത്സരിക്കണം എന്ന് പാര്‍ട്ടിയില്‍നിന്നും ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല കമ്മറ്റി യോഗത്തില്‍ എട്ട് ജില്ല കമ്മറ്റി അംഗങ്ങള്‍ കുമ്മനം വട്ടിയൂര്‍ക്കവില്‍ മത്സരിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. മണ്ഡലം കമ്മറ്റി യോഗത്തില്‍ 28ല്‍ 27പേരും കുമ്മനത്തോടൊപ്പം തന്നെ നിന്നു.

മണ്ഡലത്തിലേക്ക് ബിജെപി ജില്ല അധ്യക്ഷന്‍ എസ് സുരേഷിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നൂണ്ട് എങ്കിലും കുമ്മനം മത്സരിക്കണം എന്ന പൊതുവികാരമാണ് പ്രാദേശിക ഘടകങ്ങളില്‍ ആകെയുള്ളത്. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ മത്സര രംഗത്ത് ഇറക്കുന്നതോടെ ശക്തമായ ത്രികോണ മത്സരം തന്നെ ഉണ്ടാകും. കഴിഞ്ഞ തവണ 7622 വോട്ടുകള്‍ക്കാണ് വട്ടിയൂര്‍ക്കാവില്‍ ബിജെപി പരാജയപ്പെട്ടത്. കുമ്മനം വരുന്നതോടെ ജയസാധ്യത വര്‍ധിക്കും എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

സംസ്ഥാന ഭാരവാഹികളായ വി.വി. രാജേഷ്, ജെ.ആര്‍. പത്മകുമാര്‍, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നെങ്കിലും കുമ്മനത്തിനായിരുന്നു മേല്‍ക്കൈ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാമതെത്തിയതും കുമ്മനത്തിന് അനുകൂലഘടകമാണ്. 2016-ല്‍ യു.ഡി.എഫിലെ കെ. മുരളീധരനോട് 7,622 വോട്ടിനാണു കുമ്മനം തോറ്റത്. ഇടതുസ്ഥാനാര്‍ഥി ടി.എന്‍. സീമ അന്നു മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ ശശി തരൂര്‍ 53,545 വോട്ട് നേടിയപ്പോള്‍ കുമ്മനം 50,709 വോട്ടുമായി രണ്ടാമതെത്തി. ഇടതുസ്ഥാനാര്‍ഥി സി. ദിവാകരന് 29,414 വോട്ടാണു ലഭിച്ചത്. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 24 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ ഒന്‍പതെണ്ണത്തില്‍ ബി.ജെ.പി. കൗണ്‍സിലര്‍മാരാണ്.