ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യത്തിന്റെ ഒരു ഭാഗം പോയി, സങ്കടം പങ്കിട്ട് ലക്ഷ്മി പ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. നിലവിൽ ബിഗ്‌സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

ഇപ്പോഴിതാ ലക്ഷ്മി പ്രിയ പങ്കുവച്ചൊരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. എല്ലാം പോയി മക്കളേ എന്ന് പറഞ്ഞു കൊണ്ട് ലക്ഷ്മി പ്രിയ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം പോയെന്നാണ് ലക്ഷ്മി പറയുന്നത്. ലക്ഷ്മി പ്രിയയ്ക്ക് നഷ്ടപ്പെട്ടത് താൻ ഒരുപാട് വിലമതിക്കുന്ന പുസ്തകങ്ങളാണ്.

എല്ലാം പോയി മക്കളേ പോയി. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യത്തിന്റെ ഒരു ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ ആഭരണങ്ങളോ സാരീയോ ഒക്കെ ആർക്കെങ്കിലും ഇഷ്ട്ടപ്പെട്ടു എന്ന് ആരെങ്കിലും പറഞ്ഞാൽ ഉടനെ എടുത്തു കൊടുക്കും. എന്നാൽ ഇത്ര വലിയ പുസ്തക ശേഖരമോ വായിച്ചിട്ട് തരാം ഇതിങ്ങു തന്നേരെ എന്ന് പറഞ്ഞാൽ നിർദാക്ഷണ്യം “ഇല്ല “തരില്ല എന്ന് മുഖത്ത് നോക്കി പറയുന്ന ഞാൻ.. അവരുടെ വിഷമിച്ച മുഖം കാണുമ്പോ പുസ്തകം ആരും തിരികെ തരാറില്ല എന്നും ഞാൻ ഒരു വര പോലും ഇടാതെ സൂക്ഷിച്ചുഉപയോഗിക്കുന്ന പുസ്തകം ചിലർ കുത്തി വരച്ചും പേജ് അനാവശ്യമായി മടക്കിയും ചീത്തയാക്കും എന്നും ചിലതൊക്കെ ഔട്ട്‌ ഓഫ് പ്രിന്റ് ആണ് എന്നും വേണമെങ്കിൽ ഇത് പുതിയത് സമ്മാനമായി വാങ്ങി നൽകാം എങ്കിലും ഇത് ചോദിക്കരുത് എന്ന് പറഞ്ഞ് അനു നയിപ്പിക്കുന്ന ഞാൻ

ഓരോ പുസ്തകവും ഓരോ ഓർമ്മയാണ്. അത് വായിച്ചു ഇഷ്ടപ്പെട്ടിട്ട് ഇത് വായിക്കണം എന്ന് സജസ്റ്റ് ചെയ്തവർ, സത്യൻ അന്തിക്കാടും, രഞ്ജൻ പ്രമോദും, ശ്രീനിവാസനും, സുഭാഷ് ചന്ദ്രനും തുടങ്ങിയ പ്രമുഖർ, നീ ഇത് അത്യാവശ്യമായി വായിക്കണേ എന്ന് പറഞ്ഞു പുസ്തകം ഞാൻ എവിടെ ആണെങ്കിലും അങ്ങോട്ട് അയയ്ക്കുന്ന ചങ്ക് മാതൃഭൂമി ബുക്ക്‌സിലെ പ്രവീൺ, രണ്ട് കള്ളുകുടിയൻമാർ കണ്ടാൽ എന്നത് പോലെ ആവേശത്തോടെ വായിച്ച പുസ്തകത്തെപ്പറ്റി നെടുങ്കൻ ചർച്ച നടത്തിയിരുന്നു ഞങ്ങൾ എല്ലാവരും… അതേ അക്ഷരം ആണ് ഞങ്ങളെ എല്ലാവരെയും തമ്മിൽ ചേർത്തു നിർത്തിയത്. അതേ അക്ഷര ലഹരി

പുസ്തകോത്സവങ്ങളിൽ ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ പുസ്തക ചുമടുമായി മേഞ്ഞിറങ്ങുന്ന ഞാൻ, കയ്യിൽ കാശില്ലാത്തപ്പോൾ വള പണയം വച്ച് പുസ്തകം വാങ്ങുന്ന ഞാൻ, ഓരോന്നും വായിച്ച് അതിനെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന ഞാൻ, എങ്ങനെ ഇവർ ഇങ്ങനെ എഴുതുന്നു എന്ന് അത്ഭുതപ്പെട്ടിരുന്ന ഞാൻ സ്മാർട്ട്‌ ഫോണിനും മുന്നേയുള്ള സിനിമ ജീവിതത്തിൽ നെടുങ്കൻ പുസ്തകങ്ങൾ കയ്യിൽ കരുതി ലൊക്കേഷനിൽ പുസ്തകപ്പുഴു ആയിരുന്ന ഞാൻ……… എല്ലാം പോയി മക്കളേ പോയി…….ഓർമ്മകളുടെ വലിയ ഒരു ഏടിന് വിട.. എന്നാലും എന്നെ തകർക്കാനായി ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽ പുതിയ പുസ്തക അലമാരയുടെ അടിയിലെ തട്ടിലേക്ക് ആരാണ് എന്റെ ചിതലുകളേ നിങ്ങളെ അയച്ചത്? നിങ്ങൾ ഉപദ്രവിക്കാതെ വിട്ടുതന്ന ബാക്കി പുസ്തകങ്ങൾക്ക് ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ ഭൂമി പുസ്തകം തിന്നിട്ടായാലും നിങ്ങൾക്ക് കൂടി അവകാശപ്പെട്ടത് തന്നെ എന്ന് സമ്മതിച്ചു തന്നുകൊണ്ട് ലക്ഷ്മി പ്രിയ ഒപ്പ്.