ആലീസിനു വാശി എന്നെപ്പോലെ ആകണമെന്ന്, പരിശോധനയിൽ മനസിലായി കാൻസറാണെന്ന്, കാൻസറിനെ നർമ്മംകൊണ്ട് നേരിട്ട ഇന്നസെന്റ്

ജീവിതത്തിലും സിനിമയിലും ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച ഇന്നസെന്റിനെ കാൻസർ കീഴടക്കിയത് പെട്ടെന്നായിരുന്നു. രോഗം പ്രശ്‌നമാണെന്നും അത് ഗുരുതരമാണെന്നും തിരിച്ചറിയുമ്പോഴും തന്റെ തമാശകൾ കൊണ്ട് അതിനെയും നേരിടുകയായിരുന്നു. 2012 ലാണ് രോഗം തിരിച്ചറിയുന്നത്. പരിശോധനകളിൽ രോഗത്തിന്റെ കാഠിന്യം തിരിച്ചറിയുമ്പോഴും താരം അതിനെ തന്റെ സ്ഥിരം ശൈലിയിൽ നേരിട്ടു. ഭാര്യയും മകനും വിഷമിച്ചപ്പോഴും ഇന്നസെന്റിന് ഹാസ്യഭാവമായിരുന്നു. ആശുപത്രിയിലെയും അവിടെ സംഭവിച്ച അനുഭവങ്ങളും ആരോടും എപ്പോഴും പങ്കുവെക്കാൻ മടി കാട്ടിയിരുന്നില്ല.

ഇന്നസെന്റിന് പിന്നാലെ ഭാര്യയെയും കാൻസർ പിടികൂടിയിരുന്നു. ഭാര്യക്ക് കാൻസാറാണെന്ന് വെളുപ്പെടുത്തിയതു പോലും നർമ്മത്തോടുകൂടെയായിരുന്നു. ആ വാക്കുകളിങ്ങനെ, അമ്മയുടെ ഷോ ദുബായിൽ നടക്കാൻ പോകുന്നതിന്റെ രണ്ടു ദിവസം മുൻപ് എല്ലാവരും കൊച്ചിയിൽനിന്നു പറക്കാൻ തുടങ്ങുന്ന സമയത്താണ് ഇന്നസന്റ് വരുന്നില്ലെന്നു വിവരം കിട്ടുന്നത്. ആരോടും തൽക്കാലം പറയേണ്ട എന്നും പറഞ്ഞു. വിളിച്ചപ്പോൾ ഇന്നസന്റ് പറഞ്ഞു: ‘ആലീസിന് ഒരേ വാശി, എന്നെപ്പോലെ ആകണമെന്ന്.’ ‘ദുബായിലേക്കു ചേച്ചിയും വന്നോട്ടെ.’ അതല്ല, എനിക്കു കാൻസറാണല്ലോ. കുറെ ദിവസമായി അവൾക്കും വേണമെന്നു പറഞ്ഞ് വാശി തുടങ്ങിയിട്ട്. രണ്ടു ദിവസം മുൻപു പരിശോധിച്ചപ്പോൾ മനസ്സിലായി കാൻസറാണെന്ന്. ഇപ്പോ സന്തോഷത്തോടെ വീട്ടിലുണ്ട്. ഈ സന്തോഷ സമയത്തു ഞാൻ വന്നാൽ ശരിയാകില്ലല്ലോ.’

ദുരിതം തൊട്ടുമുന്നിൽ വന്നു നിൽക്കുമ്പോ‍ൾ പോലും ചിരിക്കുന്ന സ്വഭാവക്കാരനായിരുന്നു ഇന്നസന്റ്. ഒരു പേടിയുമില്ല. തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക കൊടുക്കുന്നതിനു മുൻപു അപ്പന്റെ കുഴിമാടത്തിൽ പോയി പ്രാർഥിച്ചിരുന്നു. തിരിച്ചു വരുമ്പോൾ സ്വകാര്യമായി പറഞ്ഞു, ‘അങ്ങേരു കുഴിമാടത്തിന് അകത്തായതു നന്നായി. വോട്ടില്ലാത്ത ആളുടെ അടുത്ത് പോയി അനുഗ്രഹം വാങ്ങി സമയം കളഞ്ഞതിനു കണക്കിനു കിട്ടിയേനെ.

ഇന്നസെന്റിന് രോഗം വന്നതിനു ശേഷം ഏത് യാത്രയിലും ആലിസും ഒപ്പം പോകാറുണ്ട്. പിന്നീട് ആലീസിനും രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്കും മറ്റു ഇന്നസെന്റും ആസീലും ഒന്നിച്ചായി യാത്ര. അവർ പരസ്പരം തണലും താങ്ങുമായി മാറുകയായിരുന്നു. ഒരുപക്ഷെ തനിക്ക് കാൻസർ വന്നപ്പോൾ ചിരിച്ചു തള്ളിയ ഇന്നച്ചൻ തളർന്നു പോയത് ഭാര്യയ്ക്കും അതേ അസുഖം ആണെന്ന് അറിഞ്ഞപ്പോൾ ആയിരിക്കണം. എന്നാൽ ഇതും മനപ്പൊരുത്തത്തിന്റെ ലക്ഷണമാണെന്ന തമാശയാണ് ഇന്നസെന്റ് അന്ന് പറഞ്ഞത്. കാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. ഗംഗാധരൻ, ഇന്നസെന്റിന്റെ കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ഇക്കാര്യം പറയുന്നുണ്ട്.