നിങ്ങളുടെ ഭരണം ജനം ഒന്നിച്ച് ഊതിയാല്‍ പറന്നുപോകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കൊച്ചി. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്‌ക്കെതിരെ നടന്ന ആക്രമണം അപലപനീയവും കാടത്തവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി വിജയന്റെ ഗുണ്ടകള്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ അകമ്പടി പോകുന്ന സിപിഎം ക്രിമിനലുകളാണ് ആക്രമിച്ചത്.

വഴിയരുകില്‍ ജനാധിപത്യപരമായ പ്രതിഷേധിക്കുന്നവരെ മൃഗിയമായിട്ടാണ് ആക്രമിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഗുണ്ടാസംഘത്തിന്റെ അകമ്പടിയില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. പൊതുജനത്തെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

നവകേരള സദസ്സില്‍ എത്തുന്നവര്‍ ഒന്നിച്ച് ഊതിയാല്‍ പറന്ന് പോകുന്നവരെയുള്ള പ്രതിഷേധക്കാരെന്നാണ് പിണറായി പറയുന്നത്. അതു തന്നെയാണ് തങ്ങള്‍ക്കും പറയാനുള്ളത്. കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകുന്നതെയുള്ള നിങ്ങളുടെ ഭരണവും. ബംഗാളിലേതു പോലെ പിന്നീട് വിലപിച്ചിട്ടു കാര്യമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.