ജനങ്ങൾ അഭയം തേടിയിരുന്ന സ്കൂൾ റഷ്യ ബോംബിട്ടു തകർത്തു

കീവ് ∙ കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്കിലുള്ള ബിലൊഹോറിവ്ക ഗ്രാമത്തിൽ ജനങ്ങൾ അഭയം തേടിയിരുന്ന സ്കൂൾ റഷ്യ ബോംബിട്ടു തകർത്തു. 60 പേർ മരിച്ചെന്നു ലുഹാൻസ്ക് ഗവർണർ സെർഹെയ് ഗയ്ദായ് അറിയിച്ചു. ശനി ഉച്ചകഴിഞ്ഞു ബോംബാക്രമണം നടക്കുമ്പോൾ 90 പേരാണു കെട്ടിടത്തിലുണ്ടായിരുന്നത്. തുടർന്നു തീപടർന്നതു മണിക്കൂറുകളോളം നീണ്ടു.

കത്തിക്കരിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 30 പേരെ രക്ഷപ്പെടുത്തി. ഇവരിൽ 7 പേർക്കു പരുക്കുണ്ട്. പൊപസ്ന നഗരത്തിന്റെ ഭൂരിഭാഗവും പിടിച്ചെന്നു റഷ്യൻ റിപ്പബ്ലിക്കായ ചെച്നിയയുടെ നേതാവ് റംസാൻ കാഡിറോവ് അവകാശപ്പെട്ടതിനു പിന്നാലെ ഇവിടെനിന്ന് യുക്രെയ്ൻ സൈനികർ പിന്മാറിയെന്ന് ലുഹാൻസ്ക് ഗവർണറുടെ പ്രഖ്യാപനവുമെത്തി.