എം ശിവശങ്കറിന് കാൽമുട്ട് വേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി . ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടു വേദനയെ തുടർന്നാണ് എം ശിവശങ്കറിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

തൃശൂര്‍ വടക്കാഞ്ചേരിയിലെ പ്രളയബാധിതര്‍ക്ക് വേണ്ടിയുള്ള 19 കോടി രൂപയുടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് കമ്മിഷനായി വാങ്ങിയ 4.50 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ശിവശങ്കറിനെതിരായ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫെബ്രുവരി മാസമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നത്.

ശിവശങ്കറിന്റെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റവിചാരണാക്കോടതി തള്ളുകയായിരുന്നു. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. കേസില്‍ ശിവശങ്കറിനെ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയുണ്ടായി.

പിന്നീടു കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെടുകയുണ്ടായില്ല. ഇതേ തുടര്‍ന്നു റിമാന്‍ഡ് ചെയ്യുകയായിരുന്നു. കേസിൽ തന്നെ മാത്രം അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ശിവശങ്കർ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ആരോപണം ഉന്നയിച്ചിരുന്നു.