വിഷപ്പുക ശ്വസിച്ച് കൊച്ചിയിൽ ചികിത്സ തേടിയത് 799 പേര്‍ ; ഒടുവിൽ കണക്കുകൾ പുറത്തുവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ വിഷപ്പുക ശ്വസിച്ചതിനെ തുടർന്ന് 799 പേര്‍ ഇതുവരെ ആശുപത്രികളിൽ ചികിത്സ തേടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 17 പേര്‍ കിടത്തി ചികിത്സ ചെയ്തു. എറണാകുളം ജില്ലയിൽ പകർച്ച വ്യാധികൾക്ക് എതിരെയുള്ള നടപടികൾ ആരംഭിക്കും. ആശങ്ക വേണ്ടെന്ന് പറയുമ്പോഴും കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ, രോഗികൾ എന്നിവർ പ്രേത്യേകം ശ്രദ്ധിക്കണം, നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.

ഐഎംഎ, പ്രൈവറ്റ് ആശുപത്രി, മുതലായവയുടെ സഹകരണമുണ്ടാകും. ആരോഗ്യ സർവ്വേ ചൊവ്വാഴ്ച മുതൽ ആരംഭിക്കും, മൊബൈൽ യൂണിറ്റുകൾ ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം ഉണ്ടായി ഇന്ന് 9 ദിവസം ആകുമ്പോൾ തീ അണയ്ക്കാനായെങ്കിലും വിഷപ്പുക ഉയരുന്നത് പൂർണമായും തടയാൻ ആയിട്ടില്ല.

ഡയോക്സിൻ പോലുള്ള മാരക വിഷവാതകം കൊച്ചിയുടെ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുകയാണ്. ഇതിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നിട്ടും അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച മറച്ചു പിടിക്കാനാണ് സംസഥാനസർക്കാർ ശ്രമം നടത്തുന്നത്. എന്നാൽ ബ്രഹ്മപുരത്തെ തീപിടുത്തം ദേശീയ തലത്തിൽ ചർച്ചയായിട്ടുണ്ട്. പരിസ്ഥിതിക്കുണ്ടായ പ്രശ്നങ്ങൾ, ജനങ്ങൾ അനുഭവിക്കുന്ന ദുരിത ജീവിതം എന്നിവ ദേശീയ തലത്തിലും ചർച്ചയായി.