കോളേജില്‍ പഠിക്കുമ്പോള്‍ ജഗതിയുമായി വിവാഹം, പിരിയാന്‍ കാരണമുണ്ട്, സുകുമാരന്‍ ജീവിതത്തിലേക്ക് വന്നതപ്പോള്‍, തുറന്ന് പറഞ്ഞ് മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മല്ലികാ സുകുമാരന്‍. ഇപ്പോഴും മികച്ച കഥാപാത്രങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് നടി മല്ലിക സുകുമാരന്‍. ഇപ്പോള്‍ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി. സിനിമയില്‍ എത്തുന്നതിന് മുമ്പ് ജഗതി ശ്രീകുമാറുമായി വിവാഹം കഴിഞ്ഞെന്ന് പറയുകയാണ് നടി ഇപ്പോള്‍. മാത്രമല്ല ആ ബന്ധം അവസാനിച്ചതിനെ കുറിച്ചും സുകുമാരന്‍ ജീവിതത്തിലേക്ക് കടന്ന് വന്നതിനെ കുറിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് മല്ലിക.

മല്ലിക സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെ, ‘കോളേജില്‍ പഠിക്കുന്ന കാലത്ത് എനിക്കൊരു പ്രണയം ഉണ്ടായി. ആ പ്രായത്തില്‍ അതൊരു ജീവിതമാക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ വീട്ടില്‍ പോയി. കോളേജ് കലോത്സവങ്ങളില്‍ മറ്റൊരു കോളേജിനെ പ്രതിനിധികരിച്ച് കൊണ്ട് വരുന്ന വലിയൊരു കലാകാരനാണ് അദ്ദേഹം. വിമന്‍സ് കോളേജില്‍ നിന്ന് പോവുന്ന കലാകാരിയായി ഞാനും. അന്ന് പുള്ളിയും സിനിമയില്‍ ഇല്ല. അതിന് മുന്‍പാണ് പ്രണയവും ഒളിച്ചോട്ടവും നടന്നത്’.

‘കോളേജില്‍ നിന്ന് കണ്ട് ഇഷ്ടത്തിലായെങ്കിലും വീട്ടുകാര്‍ എന്തായാലും സമ്മതിക്കാന്‍ പോവുന്നില്ലെന്ന് കരുതി. ജാതിയുടെ പ്രശ്നമൊക്കെ ഉണ്ടാവുമെന്ന് തോന്നി. അദ്ദേഹവും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പെട്ടെന്നൊരു ദിവസം എന്നെയും കൊണ്ട് വീട്ടില്‍ ചെന്ന് കയറി. ഇരുപത്തിരണ്ട് വയസാണ് എനിക്ക്. ഡിഗ്രി ഫൈനല്‍ ഇയറിന് പഠിക്കുന്നു. അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും കുഴപ്പമില്ലെന്നൊക്കെ പറഞ്ഞെങ്കിലും ചെന്ന് കയറിയപ്പോള്‍ സന്തോഷത്തോടെ ഒന്നുമായിരുന്നില്ല സ്വീകരിച്ചത്.

വീട്ടിലെത്തിയപ്പോള്‍ പുള്ളി തന്നെ അവരോട് സംസാരിച്ചു. എന്തായാലും ഇത്രയും ആയ സ്ഥിതിയ്ക്ക് മല്ലികയുടെ വീട്ടുകാരെ കണ്ട് സംസാരിച്ച് രജിസ്റ്റര്‍ മ്യാരേജ് ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ വീട്ടുകാരെ കാണുന്നത് മാത്രം നടന്നില്ല. അഞ്ച് വര്‍ഷം അച്ഛനെയും അമ്മയെയും ഞാന്‍ കണ്ടില്ല. ഡിഗ്രി പഠനവും അവിടെ അവസാനിച്ചു. കുറച്ച് കാലം ഒന്നിച്ച് ജീവിച്ച് തുടങ്ങിയതോടെ സാമ്പത്തികമായ പ്രശ്നങ്ങള്‍ വന്നു. അതിപ്പോ ആരുടെയും കുറ്റമല്ല. കോളേജില്‍ പഠിക്കുന്നതിനാല്‍ ജോലിയുമില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഉത്തരയാനം എന്നൊരു സിനിമയിലേക്ക് എനിക്ക് അവസരം ലഭിച്ചു. പെട്ടെന്ന് എനിക്ക് ഉത്തരം പറയാന്‍ പറ്റിയില്ല. പക്ഷേ അദ്ദേഹം അത് സമ്മതിച്ചു. നാലഞ്ച് ചെറിയ സീനുകള്‍ ആയിരുന്നു’.

‘രണ്ടാമതും എനിക്ക് സിനിമയിലേക്ക് അവസരം ലഭിച്ചു. ഇതിന് പിന്നാലെ സാമ്പത്തികമായിട്ടും അല്ലാതെയുമുള്ള പല കാരണങ്ങള്‍ കൊണ്ട് ഞങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ വന്ന് തുടങ്ങി. സാമ്പത്തികം ആയിരുന്നു പ്രധാന പ്രശ്നങ്ങള്‍. അദ്ദേഹത്തിന് കുറ്റബോധം ഉണ്ടായി. പുള്ളിയ്ക്ക് സിനിമകളൊക്കെ സജീവമായതോടെ വീട്ടില്‍ നിന്നും വിളികള്‍ വന്നു. പക്ഷേ എന്നോട് സംസാരിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടുകരോ എന്റെ വീട്ടുകാരോ ഉണ്ടായില്ല. ഒരു വര്‍ഷത്തോളം അദ്ദേഹം സിനിമ, വീട് എന്ന നിലയില്‍ യാത്രയിലായി. ഞാന്‍ ഒറ്റയ്ക്ക് മദ്രാസിലും താമസിച്ചു’.

‘ജഗതിയുമായി അകല്‍ച്ചയായതോടെ എനിക്ക് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. പുള്ളിയ്ക്ക് വേറൊരു ബന്ധമുള്ളത് പോലെ കേട്ടെങ്കിലും ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല. സൗകര്യമുണ്ടെങ്കില്‍ വരും എന്ന നിലപാടിലാണ് അദ്ദേഹം. അവിടെയാണ് സുകുമാരന്‍ എന്ന ആളുടെ വരവ്. സുകുവേട്ടനാണ് എന്നോട് വീട്ടുകാരെ പോയി കാണാന്‍ പറഞ്ഞത്. സുകുവേട്ടനോട് ബഹുമാനമാണ് തുടക്കത്തില്‍ തോന്നിയത്.