രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് പഠിപ്പിച്ചു തരികയായിരുന്നു സുലു, ഭാര്യയെ കുറിച്ച് മമ്മൂട്ടി പറയുന്നു

മലയാള സിനിമയിലെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. മലയാള സിനിയിലെ കൊടുമുടിയില്‍ ആണ് മമ്മൂട്ടിയുടെ സ്ഥാനമെങ്കിലും നല്ലൊരു കുടുംബനാഥനും ഭര്‍ത്താവും, അച്ഛനും, സഹോദരനും, മകനുമൊക്കെയാണ് അദ്ദേഹം. ഇപ്പോള്‍ ഭാര്യ സുല്‍ഫത്തിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തിലെ ആദ്യ പെണ്‍ സുഹൃത്ത് തന്റെ ഭാര്യ തന്നെയെന്ന് മമ്മൂട്ടി പറയുന്നു.

തന്റെ ഉമ്മയും ഭാര്യയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും’ എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്.

‘സുലു എന്റെ ഉമ്മയെ എത്രയധികം സ്‌നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദര ഭാര്യ സുലുവിന്റെ ഉമ്മയെ സ്‌നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചു തരികയായിരുന്നു സുലു’- മമ്മൂക്ക പറഞ്ഞു.

തന്റെ ഭര്‍ത്താവ് രാവിലെ ഓഫീസില്‍ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച് വരുന്നത് പോലെയുള്ള ജീവിതം ആയിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം സുലുവിന് ഉള്ളതായി മമ്മൂട്ടി പറഞ്ഞിരുന്നു. ‘ഭര്‍ത്താവിനെ കാണാന്‍ കിട്ടാത്തതില്‍ ഏതൊരു ഭാര്യയ്ക്കും വിഷമം കാണില്ലേ, ആ വിഷമമൊക്കെ അവള്‍ക്കുമുണ്ട്. പക്ഷെ എത്ര തിരക്കായാലും ആഴ്ചയില്‍ ഒരിക്കല്‍ ഞാന്‍ ഇവിടെ എത്തും. പിന്നെ എവിടെ ആയിരുന്നാലും ഒരു ഗുഡ്നൈറ്റ് കോളും മോണിങ് കോളും ഉണ്ട് അത് മുടക്കാറില്ല’- മമ്മൂട്ടി പറഞ്ഞു.