രണ്ട് മക്കളുള്ള യുവതിയോട് പ്രണയാഭ്യര്‍ത്ഥന, നിരസിച്ചപ്പോള്‍ യുവാവ് മര്‍ദിച്ചു, മുഖത്ത് തുപ്പി

കൊച്ചി: സ്ത്രീകള്‍ക്ക് എതിരെ ദിനംപ്രതി പല അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട പല സ്ത്രീകളുമുണ്ട്. ഇത്തരത്തില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ മര്‍ദ്ദിക്കുകയും മുഖത്തു തുപ്പുകയുമാണ് അക്രമി ചെയ്തത്. കൂടാതെ യുവതിയെ പ്രതി അസഭ്യം പറയുകയും ചെയ്തു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ചേര്‍ത്തല എരുമല്ലൂര്‍ സ്വദേശി ശ്യാം കുമാര്‍ എന്ന 32കാരനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അയ്യപ്പന്‍ കാവ് സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ശ്യാം കുമാറിനെതിരെ പരാതി നല്‍കിയത്. ഒരു വര്‍ഷം മുമ്പ് വരെ പ്രതിയുടെ വീടിനടുത്താണ് യുവതി വാടകയ്ക്ക് കഴിഞ്ഞിരുന്നത്. ശ്യാം കുമാര്‍ മദ്യ ലഹരിയില്‍ എത്തി ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ താമസം അയ്യപ്പന്‍ കാവിലേക്ക് താമസം മാറുകയായിരുന്നു.

കഴിഞ്ഞ 16-ാം തീയതിയാണ് സംഭവം ഉണ്ടായത്. ജോലിക്ക് പോകാനായി രാവിലെ ഏഴ് മണിക്ക് യുവതി അയ്യപ്പന്‍കാവ് ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ പ്രതി പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ഇത് യുവതി നിരസിച്ചു. ഇതോടെ പ്രതി യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. യുവതിയുടെ മുഖത്ത് ശ്യാം കുമാര്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് റോഡിലേക്ക് യുവതിയെ തള്ളിയിടുകയും മുഖത്ത് തുപ്പുകയും ചെയ്തു.

യുവതി പോലീസിനെ സമീപിച്ച് പരാതി നല്‍കി. എറണാകുളം നോര്‍ത്ത് പോലീസ് യുവതിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി പരാതിക്കാരിയുടെ വീടിന് സമീപത്ത് തന്നെ ഉണ്ടെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ശ്യാം കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.