പ്രേമിച്ച് വിവാഹം ചെയ്ത ഭാര്യയെയും കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ കാമുകിക്കൊപ്പം പോയ യുവാവ് പിടിയില്‍

ഭാര്യയെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിയുമായി യുവാവ് ഒളിച്ചോടി. ആലുവ യു.സി കോളജ് വി.എച്ച് കോളനിയില്‍ ആലമറ്റം വീട്ടില്‍ അജ്മല്‍ എന്ന 26കാരനാണ് കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിക്കൊപ്പം ഒളിച്ചോടിയത്. ഇയാളെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. സംരക്ഷണ ചുമതലയുള്ള അച്ഛന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തത്.

പ്രതിയുടെ അയല്‍വാസിയായ യുവതിയുടെ പിതാവ് മകളെ കാണുന്നില്ലെന്ന് കാട്ടി ആലുവ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മിസിംഗ് കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കാനിരിക്കെ അജ്മലിനെയും കാണുന്നില്ലെന്ന് കാട്ടി ഭാര്യ പോലീസില്‍ പരാതി നല്‍കി. ഈ രണ്ട് പരാതികളും അന്വേഷിച്ച് വരവെയാണ് ഇരുവരും വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുന്നതായി പൊലീസിന് ലഹസ്യവിവരം ലഭിച്ചത്. പൊലീസ് കോട്ടയത്തു നിന്നുമാണ് ഇവരെ കണ്ടെത്തിയത്.

നിലവിലുള്ള ഭാര്യയെയും അജ്മല്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്ന് ആലുവ പൊലീസ് പറഞ്ഞു. ഒളിച്ചോടിയ യുവതിയുടെ വീട് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ്. പ്രതിയെ മൂവാറ്റുപുഴ ജയിലില്‍ റിമാന്‍ഡ് ചെയ്തു. എസ്.ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അജ്മലിനെയും കാമുകിയെയും കണ്ടെത്തിയത്.