വിമാനത്തിന്റെ എഞ്ചിനിൽ യുവാവിനെ മരിച്ച നിലയിൽ, എമർജൻസി എക്സിറ്റിലൂടെ പുറത്തേക്ക് ചാടിയതെന്ന് അധികൃതർ

ന്യൂയോർക്ക് : വിമാനത്തിന്റെ എമർജൻസി എക്സിറ്റിലൂടെ പുറത്തേക്ക് ചാടിയ യുവാവ് എഞ്ചിനിൽ മരിച്ച നിലയിൽ. യുഎസ് പൗരനായ 30-കാരൻ കൈലറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമേരിക്കൻ സംസ്ഥാനമായ ഉട്ടയിലുള്ള സാൾട്ട് ലേക്ക് സിറ്റി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് നടുക്കുന്ന സംഭവങ്ങൾ നടന്നത്.

ഡെൻവറിലേക്ക് ടിക്കറ്റെടുത്ത് ബോർഡിംഗ് പാസ് കരസ്ഥമാക്കി വിമാനത്തിനകത്തേക്ക് പ്രവേശിച്ച ശേഷം എമർജൻസി എക്‌സിറ്റിലൂടെ പുറത്തേക്ക് പ്രവേശിച്ച യുവാവ് എഞ്ചിനകത്തേക്ക് ചാടിക്കയറുകയായിരുന്നു.
തിരച്ചിലിൽ യുവാവിന്റെ വസ്ത്രങ്ങളും ഷൂസും റൺവേയിൽ നിന്നും കണ്ടെത്തി. പിന്നീട് എഞ്ചിന് സമീപം കിടക്കുന്ന കൈലറിനെയാണ് അധികൃതർ കണ്ടത്.

എഞ്ചിൻ ഓഫാക്കി കൈലറിന് പ്രാഥമിക ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും യുവാവ് മരിച്ചെന്ന് തിരിച്ചറിയുകയായിരുന്നു. ശേഷം വിമാനത്തിലെ യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി. യുവാവിന്റെ മരണകാരണം ഇതുവരെയും വ്യക്തമല്ല.