സൊമാറ്റോ വഴി പിസ ഓര്‍ഡര്‍ ചെയ്ത യുവാവിന് നഷ്ടമായത് അമ്മയുടെ ചികിത്സക്ക് സ്വരൂക്കൂട്ടിയ പണം

ബെം​ഗളൂരുവില്‍ ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്ത യുവ ടെക്കിക്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 95,000 രൂപ. എന്‍ വി ഷെയ്ക്ക് എന്ന യുവാവിനാണ് സൊമാറ്റോ വഴി പിസ ഓര്‍ഡര്‍ ചെയ്തതിലൂടെ തന്റെ അക്കൗണ്ടില്‍ നിന്ന് വന്‍ തുക നഷ്ടമായത്. ക്യാന്‍സര്‍ രോ​ഗിയായ അമ്മയുടെ ചികിത്സയുടെ ചെലവുകള്‍ക്കായി സ്വരൂക്കൂട്ടി വച്ചിരുന്ന പണമാണ് യുവാവിന് നഷ്ടമായത്.

കോറമംഗല നിവാസിയായ ഷെയ്ക്ക് ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സൊമാറ്റോ വഴി പിസ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഓര്‍ഡര്‍ കൈമാറിയിയിരുന്നില്ല. പിന്നാലെ ഷെയ്ക്ക് കസ്റ്റമര്‍ കെയര്‍ സര്‍വ്വീസിലേക്ക് വിളിച്ചു. റെസ്റ്റോറന്റ് ഓര്‍ഡര്‍ സ്വീകരിക്കുന്നില്ലെന്നും പണം തിരികെ ലഭിക്കുമെന്നും കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് ഉറപ്പ് നല്‍കി. ഫോണില്‍ ഒരു മെസേജ് വരുമെന്നും അതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ റീഫണ്ട് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ നടക്കുമെന്നും എക്സിക്യൂട്ടീവ് ഷെയ്ക്കിനോട് പറഞ്ഞതായ അന്വേഷണ ഉദ്യോ​ഗസ്ഥര്‍ പറയുന്നു.

എന്നാല്‍, ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിമിഷങ്ങള്‍ക്കകം ഷെയ്ക്കിന്റെ അക്കൗണ്ടില്‍ നിന്ന് ആദ്യം 45,000 രൂപയും പിന്നീട് 50,000 രൂപയും നഷ്ടമായി. ഇതിന് പിന്നാലെയാണ് പരാതിയുമായി ഷെയ്ക്ക് മഡിവാല പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, തങ്ങള്‍ക്ക് കസ്റ്റമര്‍ കെയര്‍ നമ്ബര്‍ ഇല്ലെന്ന് സോമാറ്റോ വക്താവ് പറയുന്നു. ‘കസ്റ്റമര്‍ കെയര്‍ നമ്ബര്‍ ഇല്ലെന്ന് വ്യത്യസ്ത ഉറവിടങ്ങളിലൂടെ ഉപഭോക്താക്കളെ ഞങ്ങള്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും സോമാറ്റോ വക്താവ് പറഞ്ഞു.

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ ഇന്ത്യൻ വിപണിയിൽ പിടിമുറുക്കുന്ന കാലമാണ് ഇത്. നിലവിൽ ഇന്ത്യ ആസ്ഥാനമാക്കി 24 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഫുഡ് ഡെലിവറി ആൻഡ് റസ്റ്റോറന്റ് ഇൻഫർമേഷൻ കമ്പനി ആണ് സൊമാറ്റോ. 2008ൽ പ്രവർത്തനമാരംഭിച്ച ഈ കമ്പനികൾ നിലവിൽ എട്ട് കോടിയിലേറെ ഉപഭോക്താക്കൾ ഉണ്ട്.ഊബർ ഈറ്റ്‌സ്, സോമാറ്റോ, സ്വിഗ്ഗി എന്നിങ്ങനെയുള്ള കോർപറേറ്റ് ഭീമന്മാർ കേരളത്തിലെ പ്രധാനപ്പെട്ട സിറ്റികളിൽ വളരെ പ്രചാരം നേടി കഴിഞ്ഞു. ഒരു നല്ല മൊബൈൽ ആപ്പ് നിർമിക്കുന്നതിന്റെയും, ചെറിയ ഒരു കസ്റ്റമർ കെയർ സ്ഥാപിക്കുന്നതിന്റെയും, ഇതിനൊക്കെ ആവശ്യമായ ഇന്‍ഫ്രാസ്റ്റ്രക്‍ചര്‍ നിര്‍മിക്കുന്നതിന്റെയും ചിലവ് മാത്രമേ അവര്‍ക്കുള്ളൂ. പിന്നെ വരുന്നത് കൊള്ളലാഭമാണ്. തൊഴിൽ ചെയ്യുവാൻ ആവശ്യം വേണ്ട രണ്ട് ഘടകങ്ങൾ ആയ സ്മാർട് ഫോണും വാഹനവും തൊഴിലാളിയുടേത് തന്നെ ആയതിനാൽ ആ വകക്കും ഇവർക്ക് യാതൊരു ചിലവും ഇല്ല. ഹോട്ടലിൽ നിന്നും ഉപഭോക്താവിൽ നിന്നും നേടുന്ന കമ്മീഷൻ തന്നെ വളരെ ലാഭം നേടി തരുന്നതാണ്. ഇത് പോരാതെയാണ് തൊഴിലാളികളുടെ നട്ടെല്ലൊടിച്ചുള്ള ലാഭം. ഏതൊരു മുതലാളിത്ത സംവിധാനത്തിലുമുള്ള തൊഴിലാളിവിരുദ്ധത തന്നെയാണ് ഇവരുടേയും.