മലയാളിക്ക് ഒരു പെഗ്ഗില്ലാതെ എന്ത് ഈസ്റ്റര്‍, ജവാന്‍ ഫുള്ളിന് 2500 രൂപ, വാങ്ങാന്‍ പോയത് ആംബുലന്‍സില്‍

കോട്ടയം: മലയാളികളുടെ ആഘോഷത്തിന് എന്നും കൂട്ടാണ് മദ്യം. മദ്യം ഇല്ലാതെ ഒരു ആഘോഷവും മലയാളികള്‍ക്ക് പൂര്‍ണമാകില്ല. എന്നാല്‍ ലോക്ക് ഡൗണ്‍ ആയതോടെ കേരളത്തില്‍ ആഘോഷം ഒന്നുമില്ല. പക്ഷെ ഈസ്റ്റര്‍ ആരുമറിയാതെ മലയാളി ആഘോഷിക്കുകയാണ്. ലോക്ക് ഡൗണില്‍ ചില്ലറ മദ്യ വില്‍പ്പന ശാലകളും ബാറുകളും പൂട്ടിയെങ്കിലും അത് മലയാളിയുടെ ഈസ്റ്റര്‍ ആഘോഷത്തിന് തടയിടാന്‍ സാധിച്ചില്ല. ബാറുകളുടെ ഇടനാടികളിലൂടെയും മറ്റും മദ്യം ഒഴുകുകയാണ്. അതും അഞ്ചും ആറും ഇരട്ടി വിലയ്ക്ക്.

എക്കാലത്തും കേരളത്തിലെ ജനങ്ങള്‍ ഓരോ ആഘോഷം പിന്നിടുമ്പോഴും റെക്കോര്‍ഡ് കുടിയാണ് രേഖപ്പെടുത്താറുള്ളത്. ഇക്കുറി ലോക്ക് ഡൗണില്‍ ആയതിനാല്‍ ഈ കണക്ക് പുറത്തെത്തില്ല. എന്നാല്‍ മലയാളികള്‍ മദ്യമില്ലാതെ ആഘോഷിക്കില്ലെന്നുള്ള കാര്യം വ്യക്തമാണ്. ഇത് മുതലെടുത്താണ് അഞ്ചും ആറും ഇരട്ടി പണം നല്‍കി മലയാളികള്‍ മദ്യം ഏത് വിധേനയും ഒപ്പിച്ചത്. മാത്രമല്ല സംസ്ഥാനത്ത് വ്യാജ വാറ്റുകളും സജീവമായി. ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ കണക്കിലെടുത്ത് പല ഭാഗത്തും വാറ്റ നടക്കുന്നുണ്ടെന്നും വ്യാജ മദ്യം ഒഴുകുന്നുണ്ടെന്നുമാണ് വിവരം.

കോട്ടയം ജില്ലയിലെ ഒരിടത്ത് സ്വകാര്യ ആംബുലന്‍സില്‍ പോയാണ് ആവശ്യക്കാര്‍ ജവാന്റെ ഒരു ഫുള്‍ വാങ്ങിയത്. അതും 2500 രൂപ വില നല്‍കി. ഇന്നലെ ഒരോ മദ്യ കുപ്പിയും വിറ്റു പോയ വില കേട്ട് മലയാളി കുടിയന്മാര്‍ തന്നെ ഞെട്ടിയിരിക്കുക ആണ്. അഞ്ഞൂറ് രൂപയുടെ ഫുള്‍ ബോട്ടില്‍ ജവാന് ഇന്നലെ ഈടാക്കിയത് രണ്ടായിരത്തി അഞ്ഞൂറ് രൂപ വരെ ആണ്. ആയിരം രൂപ വില വരുന്ന ഫുള്‍ ബോട്ടില്‍ മദ്യം വിറ്റു പോയത് നാലായിരം രൂപയ്ക്കും.

ബാറുകളില്‍ നിന്നു നേരത്തെ മദ്യം ശേഖരിച്ചു വച്ച ബാര്‍ ജീവനക്കാരായിരുന്നു പ്രധാന കച്ചവടക്കാര്‍. സ്ഥിരം സന്ദര്‍ശകര്‍ക്കും മദ്യം കിട്ടി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ആദ്യ ദിവസങ്ങളില്‍ ബാറുകളില്‍ മദ്യം നല്‍കിയിരുന്നു. ബാര്‍ മാനേജര്‍മാര്‍ മുഖേനയാണ് മദ്യം നല്‍കിയിരുന്നത്. പെഗ് വില വാങ്ങിയായിരുന്നു വില്‍പന. പരാതി ഉയര്‍ന്നതോടെ എക്‌സൈസ് പരിശോധന കര്‍ശനമാക്കി ബാറുകളിലെ സ്‌റ്റോക്കെടുത്തു സീല്‍ ചെയ്തു. ഇതോടെ വില്‍പന നിലക്കുക ആയിരുന്നു.

എന്നാല്‍, ഈസ്റ്റര്‍ ആഘോഷത്തിന് മിക്ക ബാറുകളിലെയും ഗോഡൗണുകളില്‍ നിന്നാണ് മദ്യം നല്‍കിയത്. ഗോഡൗണികളിലെ മദ്യത്തിന്റെ കണക്ക് എക്‌സൈസ് ശേഖരിക്കാത്തതു മറയാക്കിയായിരുന്നു വ്യാപാരം. ഫോണുകളിലൂടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെ ഒക്കെ ആയിരുന്നു കച്ചവടം.