ഉള്ളത് കൊണ്ട് ഒരുമയോടെ ഒരു വർഷം, ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് മണികണ്ഠൻ

മലയാളത്തിന്റെ പ്രിയ താരം മണികണ്ഠൻ വിവാഹിതനായിട്ട് ഒരു വർഷം. ലോക്ക് ഡൗൺ ചട്ടങ്ങൾ അനുസരിച്ച് വിവാഹിതനായ താരം വിവാഹാവശ്യത്തിനായി നീക്കിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു. മരട് സ്വദേശിനിയായ അഞ്ജലിയുടെ കഴുത്തിൽ താലി ചാർത്തിയത് ത്യപ്പൂണിത്തുറ ക്ഷേത്രത്തിൽവെച്ചായിരുന്നു.

താനും അഞ്ജലിയും ഒന്നായിട്ട് ഒരു വര്ഷം ആയെന്ന് പറയുകയാണ് മണികണ്ഠൻ.’ ഉള്ളത്കൊണ്ട് ഒരുമയോടെ ഒരു വർഷം’ എന്ന ക്യാപ്‌ഷൻ ആണ് മണികണ്ഠൻ പങ്കിട്ടത്. നിരവധി ആരാധകരും സുഹൃത്തുക്കളും ആണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. അടുത്തിടെയാണ് താൻ ഒരു ആൺകുഞ്ഞിന്റെ അച്ഛനായ വിവരം ആരാധകരെ അറിയ്ച്ചത്. നമസ്കാരം, എനിക്ക് കുഞ്ഞു പിറന്നിരിക്കുന്നു. ഞാൻ അച്ഛനായ വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളട്ടെ. നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല, നന്ദിയോടെ ജീവിച്ചു കൊള്ളാം എന്നാണ് അന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികൾക്ക് പ്രിയങ്കരനായത്. പിന്നീട് ഇതര ഭാഷകളിൽ അടക്കം മണികണ്ഠൻ മികച്ച ചില വേഷങ്ങൾ ചെയ്തു. കഴിഞ്ഞ വർഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം തമിഴിലും അരങ്ങേറിയിരുന്നു.രാജീവ് രവിയുടെ തുറമുഖം ആണ് വരാനിരിക്കുന്ന സിനിമ.