മണിപ്പൂർ സംഘർഷത്തിൽ അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കുക്കിസംഘടനയായ ഇൻ്റിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിൻ്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക. കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുകി ജയിൽ തടവുകാരെ സുരക്ഷ മുൻനിർത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം ഉൾപ്പെടെ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്.

കുക്കിസംഘടന മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും ചർച്ച ചെയ്യും. മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കമാണ് ഈ ചർച്ച. കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുകി ജയിൽ തടവുകാരെ സുരക്ഷ മുൻനിർത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം ഉൾപ്പെടേ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്.

അതേസമയം മണിപ്പൂർ വിഷയത്തിൽ ഇടപെടലുമായി സുപ്രിംകോടതി രംഗത്തുവന്നു. അന്വേഷണത്തിന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ ഉൾക്കൊള്ളുന്ന ഉന്നതതല സമിതിയെ നിയോഗിച്ചു. മുൻ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തൽ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. ശാലിനി ജോഷിയും മലയാളിയായ ആശാ മേനോനുമാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

മനുഷ്യാവകാശ വിഷയങ്ങൾ, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് സമിതി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് മേൽനോട്ടത്തിനും കോടതിയെ സഹായിക്കാനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനെയും നിയോഗിക്കും. സമിതിക്ക് മതിയായ സുരക്ഷ ഒരുക്കാൻ മണിപ്പൂർ സർക്കാരിന് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായി. ആഗസ്ത് ഒന്നിന് സുപ്രിം കോടതി ആവശ്യപ്പെട്ട കേസുകളുടെ റിപ്പോർട്ടും ഇരുവരും സമർപ്പിച്ചു. നിലവിലുള്ള സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മണിപ്പൂർ ഡിജിപി രാജീവ് സിംഗ് ബെഞ്ചിന് മുമ്പാകെ ഹാജരായി.