സ്വന്തം വിശപ്പ് സഹിച്ച് അവസാനത്തെ പത്ത് രൂപയും കൊച്ചിൻ ഹനീഫ എനിക്ക് തന്നു; മണിയൻപിള്ള രാജു

മലയാളത്തിന്റെ പ്രിയനടന്‍ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് പത്ത് വർഷം കഴിഞ്ഞു. 2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന്‍ ഹനീഫ മലയാളത്തിന് കണ്ണീരിലാക്കി വിടപറഞ്ഞത്.  1979 ല്‍ അഷ്ടാവക്രന്‍ എന്ന ചിത്രത്തിലെ ഒരു ചെറിയ റോളില്‍ അഭിനയിച്ചായിരുന്നു ചലച്ചിത്ര അരങ്ങേറ്റം. കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മൂഹമ്മദിന്റെയും ഹാജിറയുടെയും മകനായി 1951 ഏപ്രില്‍ 22നാണ് ഹനീഫ ജനിച്ചത്. ബോട്ടണി ബിരുദധാരിയായ ഹനീഫ കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലും കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ തലത്തില്‍ മോണോ ആക്ട് അവതരിപ്പിച്ചാണ് കലാപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം. നാടകങ്ങളിലും സജീവമായി. കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പില്‍ അംഗമായതോടെ കൊച്ചിന്‍ ഹനീഫയായി. ശേഷം സിനിമാ മോഹവുമായി ചെന്നൈയിലേക്കു പോയി.വില്ലന്‍ വേഷങ്ങളിലാണ് തുടങ്ങിയതെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് ഹനീഫ പേരെടുത്തത്

അന്നും ഇന്നും കൊച്ചിന്‍ ഹനീഫയ്ക്ക് പകരംവയ്ക്കാന്‍ വേറെ ഒരാളില്ല. പഴയകാല മദ്രാസ്‌ സിനിമാ ജീവിതത്തില്‍ തനിക്ക് ഉണ്ടായിരുന്ന ഉറ്റമിത്രം കൊച്ചിന്‍ ഹനീഫയുമായി ബന്ധപെട്ടു ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന വേറിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മണിയന്‍പിള്ള രാജു.

കൊച്ചിന്‍ഹനീഫയും മണിയന്‍പിള്ളരാജുവുമെല്ലാം ചാന്‍സ് തേടിയും . ശുപാര്‍ശ തേടിയും. നടന്നു കിട്ടുന്ന ചെറിയറോളും അതില്‍ നിന്നുള്ള തുച്ഛ വരുമാനവുമായി സിനിമയോടുള്ള അഭിനിവേശവുമായി ഉമാലോഡ് ജില്‍ ഞെരിങ്ങി ജീവിക്കുന്ന കാലം. ഒരു ദിവസം രാവിലെ മണിയന്‍പിള്ള പുറത്തുപോവാന്‍ നേരം കൊച്ചിന്‍ ഹനീഫയോട് 10രൂപ കടം മേടിച്ചു . മണിയന്‍പിള്ള പുറത്തു പോയി തിരിച്ചു റൂമിലെത്തിയപ്പോള്‍ കൊച്ചിന്‍ഹനീഫ ഊണ് കഴിക്കാന്‍ പോവാതെ ഇരിക്കുന്നു .മണിയന്‍പിള്ള ഹനീഫയോട് ചോദിച്ചു , എന്താ നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോവാത്തത്‌ ? കൊച്ചിന്‍ ഹനീഫ നിസാരമെന്നോണം പറഞ്ഞു ‘ എന്‍റെ കയ്യിലുണ്ടായിരുന്ന അവസാനത്തെ 10രൂപയാണ് നിങ്ങള്‍ ചോദിച്ചപ്പോള്‍ തന്നത് ‘ . അപ്പോള്‍ ഞാന്‍ ചോദിച്ചു നിങ്ങള്‍ എന്തിനാണ് മനുഷ്യാ ഇങ്ങനെ ചെയ്തത്. അതിന് അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ‘എനിക്ക് അറിയാം നിനക്ക് വിശപ്പ്‌ സഹിക്കാന്‍ പറ്റില്ലെന്ന് എനിക്കൊക്കെ ഇത് ശീലമാണെടോ’,അങ്ങനെ പറഞ്ഞ ഹനീഫയെ എനിക്ക് ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല’. മണിയന്‍ പിള്ള രാജു പറയുന്നു.